പ്രതീകാത്മക ചിത്രം
ലഖ്നൗ: അയൽവാസിക്കെതിരെ വ്യാജ ബലാൽസംഗ കേസ് ഫയൽ ചെയ്തതിന് 24കാരിക്ക് മൂന്നര വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ലഖ്നൗ എസ്.സി-എസ്.ടി പ്രത്യേക കോടതിയുടേതാണ് വിധി. നിലവിൽ ജാമ്യത്തിൽ കഴിയുന്ന യുവാവിനെ ബലാത്സംഗവും ആക്രമണവുമടക്കം കുറ്റങ്ങൾ തെളിയിക്കാനാവശ്യമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കോടതി സംസ്ഥാന സർക്കാരിൽ നിന്ന് അവർക്ക് ലഭിച്ച നഷ്ടപരിഹാരം തിരിച്ചുപിടിക്കണമെന്നും ഉത്തരവിട്ടു.
കഴിഞ്ഞ അഞ്ചുവർഷമായി യുവാവുമായി പ്രണയത്തിലാണെന്നും ഇതിനിടെ വിവാഹ വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചതായും ആരോപിച്ച് ജൂണിലാണ് അയൽവാസിയായ യുവാവിനെതിരെ റിങ്കി എന്ന യുവതി പരാതി നൽകിയത്. മെയ് 30ന് യുവാവിന്റെ വീട്ടിലെത്തിയപ്പോൾ ഇയാളുടെ അമ്മയും സഹോദരനും തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗത്തിനും എസ്.സി/ എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ, അന്വേഷണത്തിനിടെ, ഇരുവരും വർഷങ്ങളായി പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഫെബ്രുവരിയിൽ യുവാവിന്റെ വിവാഹം കഴിഞ്ഞതിനുശേഷവും യുവതി ഇയാളുടെ വീട്ടിൽ പോവുന്നത് തുടർന്നു. വിവാഹ ബന്ധം വിഛേദിക്കാൻ ഇവർ യുവാവിനെ നിർബന്ധിച്ചിരുന്നു. കൂടാതെ, യുവാവിനും കുടുംബാംഗങ്ങൾക്കും നേരെ ബലാത്സംഗത്തിനും ആക്രമണത്തിനും പരാതി നൽകിയതിന് ശേഷം, വൈദ്യപരിശോധനക്ക് ഹാജരാകാൻ യുവതി വിസമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.
‘ഇത്തരം നിരവധി കേസുകൾ കോടതികൾക്ക് മുന്നിൽ വരുന്നു, അവിടെ കക്ഷികൾ, പ്രായപൂർത്തിയായവർ, ഒരു നിശ്ചിത കാലയളവിൽ സ്വമേധയാ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം എന്തെങ്കിലും പൊരുത്തക്കേട് കാരണം ബന്ധം പരാജയപ്പെടുമ്പോൾ, ബലാത്സംഗ ആരോപണങ്ങൾ ഉന്നയിക്കുന്നു. പരാജയപ്പെട്ട ഓരോ ബന്ധത്തെയും ക്രിമിനൽ പ്രോസിക്യൂഷനായി മാറ്റാൻ അനുവദിക്കുന്നത് നീതിയുടെ ഭരണഘടനാ ദർശനത്തിന് മാത്രമല്ല, ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമത്തിന്റെ ആത്മാവിനും ലക്ഷ്യത്തിനും വിരുദ്ധമാണ്,’ വിധി പ്രസ്താവിക്കവെ കോടതി നിരീക്ഷിച്ചു.
ബലാത്സംഗ നിയമങ്ങൾ സ്ത്രീകളുടെ ശാരീരിക പരമാധികാരവും അന്തസും സംരക്ഷിക്കാനും ബലപ്രയോഗത്തിലൂടെയോ വഞ്ചനയിലൂടെയോ അവരെ ചൂഷണം ചെയ്യുന്നവരെ ശിക്ഷിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. അടുത്ത ബന്ധങ്ങളിൽ ഏർപ്പെടുന്ന മുതിർന്നവർ സ്വന്തം തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, യുവാവിന്റെ വൈവാഹിക നില അറിഞ്ഞിട്ടും ബന്ധം തുടർന്ന പരാതിക്കാരിക്ക് പിന്നീട് താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടു എന്ന് അവകാശപ്പെടാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.