പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനെ മർദിച്ച് കൊലപ്പെടുത്തിയ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം വെളിപ്പെടുത്തി സ്പെഷ്യൽ ബ്രാഞ്ച്. പിടിയിലായ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബി.ജെ.പി പ്രവർത്തകരാണെന്നും നാലാം പ്രതി ആനന്ദൻ സി.പി.ഐ.ടിയു പ്രവർത്തകനാണെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. നാലാം പ്രതിയായ ആനന്ദൻ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടി. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാള്‍ രാംനാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാകും കേസ് അന്വേഷിക്കുക.
തിരുവനന്തപുരം: പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട റാം നാരായണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടി കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. കുടുംബത്തിന് ഉചിത നഷ്ടപരിഹാരം ഉറപ്പാക്കും. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന്‍റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: വാളയാറിലെ ആൾക്കൂട്ട കൊലക്ക് പിന്നിൽ ആർ.എസ്.എസ്, ബി.ജെ.പി ക്രിമിനലുകളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അത് പകൽപോലെ വ്യക്തമാണ്. എന്നിട്ടും ഒരു മാധ്യമവും അക്കാര്യം പറയുന്നില്ല. നിരവധി കേസുകളിൽ പ്രതികളായ, കൊടും ക്രൂരന്മാരായ, എന്തും ചെയ്യാൻ മടിയില്ലാത്തവരാണ് അത് ചെയ്തത്. അവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുപോലും ആ രീതിയിൽ അതിനെ കൈകാര്യം ചെയ്യാനോ പ്രതിരോധിക്കാനോ മാധ്യമങ്ങളുൾപ്പെടെ തയാറാകുന്നില്ല.
ആൾക്കൂട്ട കൊല ഉൾപ്പെടെയുള്ളതൊന്നും കേരളത്തിൽ നടക്കാൻ പാടില്ലാത്തതാണ്. മതനിരപേക്ഷ ഉള്ളടക്കമുള്ള സമൂഹത്തിന് അംഗീകരിക്കാവുന്നതല്ല അത്. ബംഗ്ലാദേശിൽനിന്ന് വരുന്ന ആളാണോ എന്നു ചോദിച്ചാണ് ആ പാവം മനുഷ്യനെ അടിച്ചുകൊന്നത്. കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇക്കാര്യത്തിൽ അതിശക്തമായ നിലപാട് സ്വീകരിക്കണം. ഇന്ത്യയുടെ പലഭാഗത്തും ആർ.എസ്.എസുകാർ എന്താണോ ചെയ്യുന്നത് അതിവിടെയും ചെയ്യാൻ ശ്രമിക്കുന്നു. ഇതിനെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.