പ്രതീഷ്
വിസ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന യുവാവ് പിടിയിൽ
കുളത്തൂപ്പുഴ: വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പു നടത്തിയ കേസില്‍ കുളത്തൂപ്പുഴ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തൂപ്പുഴ സാംനഗര്‍ മംഗലത്ത് വീട്ടില്‍ പ്രതീഷ് (27) മുംബൈ പൊലീസിന്റെ പിടിയിലാവുകയും തുടര്‍ന്ന് കുളത്തൂപ്പുഴ പോലീസിന് കൈമാറുകമായിരുന്നു.
ഏതാനും മാസം മുമ്പ് വിദേശത്ത് എയര്‍പോര്‍ട്ടിലെ കാര്‍ഗോ സെക്ഷനിലും സൂപ്പര്‍മാര്‍ക്കറ്റിലും ജോലി വാഗ്ദാനം ചെയ്ത് കുളത്തൂപ്പുഴ സ്വദേശികളായ നിരവധി പേരില്‍ നിന്നു പണം വാങ്ങിയ ശേഷം പ്രതീഷ് വിദേശത്തേക്ക് കടക്കുകയായിരുന്നു. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെ വിദേശത്ത് താമസ രേഖകളില്ലാതെ പൊലീസ് പിടിയിലായ പ്രതീഷിനെ ഇന്ത്യന്‍ എംബസി ഇടപെട്ട് മുബൈയിലേക്ക് മടക്കിഅയച്ചു. കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് മടങ്ങിവന്ന പ്രതിയെ മുംബൈ സഹര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുംബൈയിലും സമാന രീതിയില്‍ പ്രതിക്കെതിരെ തട്ടിപ്പുകേസ് നിലവിലുണ്ട്.
തട്ടിപ്പു നടത്തിയ പണം കേസിലെ കൂട്ടു പ്രതിയായ ഷാര്‍ജയിലുള്ള പാലക്കാട് സ്വദേശി സമീര്‍ അലിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിസാ തട്ടിപ്പ് നടത്തിയതിന് കേരളത്തിനകത്തും മുബൈയിലെയും നിരവധി സ്റ്റേഷനുകളില്‍ ഇരുവര്‍ക്കുമെതിരെ തട്ടിപ്പ് കേസ് നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.