വിനീത മോള്‍ കൊലക്കേസ്; പ്രതി സമാന സ്വഭാവമുളള മൂന്ന് കൊലപാതകങ്ങള്‍ നടത്തിയതി​െൻറ തെളിവുമായി പ്രോസിക്യൂഷന്‍

തിരുവനന്തപുരം: പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീത മോളെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതി തമിഴ്‌നാട്ടില്‍ നടത്തിയ സമാന സ്വഭാവമുളള കൊലപാതകങ്ങളുടെ എഫ്.ഐ. ആര്‍ അടക്കമുളള തമിഴ്‌നാട് കോടതിയിലെ രേഖകളാണ് പ്രോസിക്യൂഷന്‍ ഏഴാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന് മുന്നില്‍ ഹാജരാക്കിയത്. തമിഴ്‌നാട് കാവല്‍കിണര്‍ സ്വദേശി രാജേന്ദ്രനാണ് കേസിലെ ഏക പ്രതി..

വിനീതമോളുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുളള മാല കവരുന്നതിനാണ് രാജേന്ദ്രന്‍ കൊലപാതകം ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സമാന സ്വഭാവമുളള മൂന്ന് കൊലപാതകങ്ങള്‍ തമിഴ്‌നാട്ടില്‍ ചെയ്ത ശേഷം ജാമ്യത്തില്‍ കഴിയവേയാണ് പ്രതി പേരൂര്‍ക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്‌നാട് തിരുനെല്‍വേലി ആരുല്‍വായ് മൊഴി വെളളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ, ഭാര്യ വാസന്തി, വളര്‍ത്തുമകള്‍ അഭിശ്രീ(13) എന്നിവരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലെ എഫ്. ഐ. ആര്‍ അടക്കമുളള രേഖകളാണ് കോടതിയില്‍ ഹാജരാക്കിയത്. തമിഴ് ഭാഷയിലായിരുന്ന എഫ്.ഐ.ആര്‍ സംസ്ഥാന നിയമ വകുപ്പിലെ വിവര്‍ത്തകനെ കൊണ്ട് പരിഭാഷപ്പെടുത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. കേസ് വിചാരണ, പ്രതിക്ക് മനസിലാകാന്‍ ദ്വിഭാഷിയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചു. അഭിഭാഷകയായ ആര്‍. കെ. രാജേശ്വരിയാണ് കേസിലെ ദ്വിഭാഷി.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി. 2022 ഫെബ്രുവരി ആറിന് പട്ടാപകല്‍ 11.30 നാണ് വിനീതമോളെ അലങ്കാരചെടി വില്‍പ്പനശാലയില്‍ വച്ച് പ്രതി കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി വിനീതമോളുടെ മാല കാവല്‍കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയംവച്ച് പണം വാങ്ങിയിരുന്നു.

Tags:    
News Summary - Vineeta Mol murder case; Prosecution with evidence against accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.