1500 രൂപ മോഷ്ടിച്ചതിന് എട്ടുവയസ്സുകാരനെ മുത്തച്ഛൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

ഉത്തർ പ്രദേശിലെ ജാൻസിയിൽ എട്ടുവയസ്സുകാരനെ മുത്തച്ഛൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തന്‍റെ 1500 രൂപ കവർന്നതിൽ കുപിതനായാണ് കൊലപാതകം നടത്തിയതെന്ന് കർഷകനായ സർമാൻ (50) പൊലീസിന് മൊഴി നൽകി.

മരുമകളും ചെറുമകനും നിരന്തരമായി തന്‍റെ മുറിയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നു. കുട്ടി പണം മോഷ്ടിക്കുന്നത് കൈയോടെ പിടിച്ചിരുന്നുവെന്നും സർമാൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഈ സംഭവങ്ങളിൽ പ്രകോപിതനായ സർമാൻ ഒക്ടോബർ നാലിന് ചെറുമകനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും തുടർന്ന് മൃതദേഹം കാലിത്തീറ്റ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന മുറിയിൽ ഒളിപ്പിച്ച് വച്ച ശേഷം വയലിലേക്ക് പോയെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബർ നാലിന് വൈകുന്നേരം കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാർ എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ പിതാവ് രാജ്‌വേന്ദ്ര നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.

പരാതിയെ തുടർന്ന് തട്ടിക്കൊണ്ടുപോകൽ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസ് സർമാനോടൊപ്പം പരിസര പ്രദേശങ്ങളിലും ശേഷം വീടിനുള്ളിലും തിരച്ചിൽ നടത്തി. അപ്പോഴാണ് വീടിനുള്ളിലെ സ്റ്റോർ റൂമിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശേഷം ഫോറൻസിക് ടീം സ്ഥലത്തെത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചതാണ് മരണകാരണം എന്ന് വ്യക്തമായി. പുറത്തുനിന്നുള്ള ആരുടേയും സാന്നിധ്യം വീട്ടിലില്ലാത്തതിനാൽ പൊലീസ് വീട്ടുകാരെ സംശയിക്കുകയായിരുന്നു.

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ സർമാൻ കുറ്റം സമ്മതിച്ചു. മരുമകൾ തന്‍റെ ഭാര്യയുമായി പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്നും, മരുമകളും ചെറുമകനും തന്റെ മുറിയിൽ നിന്ന് സാധനങ്ങൾ കൊണ്ടുപോകുമായിരുന്നുവെന്നും അയാൾ പറഞ്ഞു. കുട്ടി ഏകദേശം 1,500 രൂപ തന്നിൽ നിന്ന് മോഷ്ടിച്ചതായും അയാൾ ആരോപിച്ചു. ഇതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് ലഹ്ചൗര പൊലീസ് സ്റ്റേഷൻ മേധാവി സരിത മിശ്ര പറഞ്ഞു.

Tags:    
News Summary - UP farmer strangles grandson to death — over theft of Rs 1,500

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.