പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ, ഇൻസൈറ്റിൽ പ്രതികൾ

ജ്വല്ലറി കവർച്ച കേസ്: മോഷ്ടിച്ച കാറിൽ സ്വർണ്ണാഭരണങ്ങൾ കടത്തുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ

മംഗളുരു: മഞ്ചേശ്വരം ഹൊസങ്കടി രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഉള്‍പ്പെടെ രണ്ടുപേർ മോഷ്ടിച്ച കാറിൽ കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ കടത്തുന്നതിനിടെ ഉഡുപ്പിയില്‍ പൊലീസ് പിടിയിലായി. ഉഡുപ്പി കാര്‍ക്കളയിലെ ബീഡുവില്‍ താമസിക്കുന്ന റിയാസ് എന്ന മുഹമ്മദ് റിയാസ് (39), കാപ്പ് താലൂക്കിലെ യെല്ലൂര്‍ വില്ലേജില്‍ താമസിക്കുന്ന രാജേഷ് ദേവാഡിഗ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് റിയാസ് രണ്ടുവര്‍ഷം മുമ്പ് മഞ്ചേശ്വരം ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസിലെ മുഖ്യപ്രതിയാണ്. രാത്രിയില്‍ കവര്‍ച്ച നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും ഉഡുപ്പി കോട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇവര്‍ കവര്‍ച്ച ചെയ്ത മൂന്ന് വാഹനങ്ങളും 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ സെപ്തംബറില്‍ ബംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന രാജേഷ് പൂജാരിയുടെ ബ്രഹ്‌മവാര താലൂക്കിലെ പാണ്ഡേശ്വരയിലുള്ള വസതിയില്‍ ഇരുവരും കവര്‍ച്ച നടത്തിയതായി പൊലീസ് പറഞ്ഞു. വീടിന്റെ വാതില്‍ തകര്‍ത്താണ് പ്രതികള്‍ അകത്ത് കടന്നത്. ഈ സംഭവത്തില്‍ രണ്ടുപേര്‍ക്കുമെതിരെ കോട്ട പൊലീസ് കേസെടുത്തിരുന്നു. നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ ജയില്‍ മോചിതരായ ശേഷം രാത്രികാലങ്ങളില്‍ ഇവരുടെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സാങ്കേതിക ഉപകരണങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ഉപയോഗിച്ചാണ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നത്.

കഴിഞ്ഞ ദിവസം കോട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സായിബറക്കട്ടെയില്‍ പൊലീസ് സംഘം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് രാജേഷ് ദേവാഡിഗയും മുഹമ്മദ് റിയാസും മോഷ്ടിച്ച കാറില്‍ എത്തിയത്. പരിശോധിച്ചപ്പോള്‍ കാറിനകത്ത് രേഖകളില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. രണ്ടുപേരോടും ആഭരണങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോള്‍ ശാസ്താനയിലെ പള്ളിക്ക് സമീപമുള്ള വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ ശിവമോഗയിലേക്ക് പോകുകയാണെന്നും അവര്‍ വെളിപ്പെടുത്തി. രാജേഷിനെതിരെ ഉഡുപ്പി ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 12 കവര്‍ച്ചാകേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് കാപ്പ് പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും കാര്‍ക്കള റൂറല്‍ പൊലീസ് സ്റ്റേഷനില്‍ ഒരു കേസും പടുബിദ്രി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസുകളും ഷിര്‍വ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നാല് കേസുകളും നിലവിലുണ്ട്.

2018ല്‍ നടന്ന കൊലക്കേസിലും കവര്‍ച്ചാക്കേസിലും റിയാസ് പ്രതിയാണ്. 2021ല്‍ ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ചാക്കേസിലും ഇയാള്‍ മുഖ്യപ്രതിയാണ്. ഹിരിയടുക്ക ജയിലില്‍ വച്ചാണ് ഇരുവരും പരസ്പരം ബന്ധപ്പെട്ടത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പൂട്ടിക്കിടക്കുന്ന വീടുകളില്‍ രാത്രി കവര്‍ച്ച നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. 15 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൂടാതെ 2.50 ലക്ഷം രൂപ വിലമതിക്കുന്ന ഫോര്‍ഡ് മൊണ്ടിയോ കാര്‍, ഒരു ലക്ഷം രൂപ വിലവരുന്ന ഹീറോ ഡെസ്റ്റിനി ബൈക്ക്, 50,000 രൂപ വിലമതിക്കുന്ന ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ എന്നിവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടിയ വാഹനങ്ങള്‍ക്ക് ആകെ 19 ലക്ഷം രൂപ വിലവരും. 2021 ജൂലൈ 26നാണ് ഹൊസങ്കടി രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്.

26ന് അര്‍ദ്ധരാത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കളത്തൂരിലെ അബ്ദുല്ലയെ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം 15 കിലോ വെള്ളിയാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ന്നുവെന്നാണ് കേസ്. സംഘം തലപ്പാടിയില്‍ വെച്ച് ഉള്ളാള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ബീരിയില്‍ വെച്ച് കാര്‍ ഉപേക്ഷിക്കുകയും ഈ കാറിനകത്ത് ഏഴര കിലോ വെള്ളിയാഭരണങ്ങളും ഒന്നര ലക്ഷം രൂപയും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ തൃശൂര്‍ സ്വദേശി സത്യേഷ് എന്ന കിരണി(35)നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസില്‍ മുഹമ്മദ് റിയാസും കിരണും അടക്കമുള്ളവര്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. 

Tags:    
News Summary - Two persons arrested in jewelery robbery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.