കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ വെറുതേവിട്ടതിന് പിന്നാലെ കോടതിയലക്ഷ്യ പരാമർശം നടത്തിയവർക്കെതിരെ കേസുമായി നടൻ ദിലീപ്. ദിലീപിന് വേണ്ടി അഭിഭാഷകനാണ് കോടതിയലക്ഷ്യ കേസുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
മാധ്യമപ്രവർത്തകർ നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസ്, സംവിധായകൻ ബാലചന്ദ്രകുമാർ, ചില മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ് കേസ് നൽകിയത്. കോടതിയലക്ഷ്യ കേസുകൾ ഡിസംബർ 18ന് കോടതി പരിഗണിക്കും.
നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിന്ന് എട്ടാം പ്രതി നടൻ ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. വിചാരണ നേരിട്ട ഏഴ്, ഒമ്പത്, 15 പ്രതികളായ കണ്ണൂർ ഇരിട്ടി കിളിയന്തറ പൂപ്പാളി വീട്ടിൽ ചാർളി തോമസ് (50), പത്തനംതിട്ട കോഴഞ്ചേരി മിലിപ്പാറ വെട്ടിപുരം സ്നേഹ ഭവനത്തിൽ സനിൽ കുമാർ എന്ന മേസ്തിരി സനൽ (48), ദിലീപിന്റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരെയാണ് വെറുതെവിട്ടത്.
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. (37), മാര്ട്ടിന് ആന്റണി (33), ബി. മണികണ്ഠന് (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെ കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.
കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പൾസർ സുനി അടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.