ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിൽ പെൺകുട്ടിയെ കാറിനടിയിലൂടെ മണിക്കൂറുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളെന്ന് പൊലീസ്. കേസിൽ രണ്ടു പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇവന്റ്മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന അഞ്ജലി സിങ്(20)ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
പുതുവത്സര ദിനത്തിൽ 12 കിലോമീറ്ററോളം പെൺകുട്ടിയെ കാറിനടിയിലൂടെ വലിച്ചിഴച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെയാണ് പിടികൂടിയത്. അഷുതോഷ്, അങ്കുഷ് എന്നിവർക്കു കൂടി കൃത്യത്തിൽ പങ്കുണ്ടെന്നാണ് സൂചന ലഭിച്ചത്. അഞ്ചംഗസംഘത്തിന്റെ സുഹൃത്തുക്കളാണിവർ. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
പുറത്തുള്ള രണ്ട് പ്രതികൾ അഞ്ചംഗ സംഘത്തെ കുറ്റകൃത്യത്തിൽ നിന്ന് സംരക്ഷിക്കാനും തെളിവുകൾ ഇല്ലാതാക്കാനും ശ്രമിച്ചതായും പൊലീസ് വെളിപ്പെടുത്തി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ശ്രമിച്ചു.
കാർ ഓടിച്ചിരുന്നത് അമിത് ആയിരുന്നെന്നും പൊലീസ് കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടിയെ പ്രതികൾക്ക് മുൻപരിചയമില്ലായിരുന്നുവെന്നും എന്നാൽ കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയതിനെകുറിച്ച് അവർക്ക് അറിയാമായിരുന്നുവെന്നുമാണ് സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്ന സൂചനയെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്നത് ജനുവരി ഒന്നിന് പുലർച്ചെ 2.04നും 2.06നുമിടയിലാണ്. മൃതദേഹം കണ്ടെത്തിയ 4.15നും. സംഭവം നടന്നതും മൃതദേഹം കണ്ടെത്തിയതുമായ സ്ഥലങ്ങൾ തമ്മിൽ 10-12 കി.മി ദൂര വ്യത്യാസമുണ്ട്. എത്ര ദൂരം കാറിനടിയിലൂടെ പെൺകുട്ടിയെ വലിച്ചിഴച്ചു എന്നത് വ്യക്തമായി പറയാൻ സാധിക്കില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
കേസിലെ മുഖ്യ ദൃക്സാക്ഷിയായ അഞ്ജലിയുടെ സുഹൃത്ത് നിധിയുടെ മൊഴി പൊലീസ് എടുത്തിരുന്നു. അപകടം നടക്കുമ്പോൾ അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ നിധിയുമുണ്ടായിരുന്നു. നിധിയും പ്രതികളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.