ലഖ്നോ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബന്ധുക്കളായ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രിൻസ്(11), അഭിഷേക്(13) എന്നിവരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച മുതൽ കുട്ടികളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ഭക്‌സ ഗ്രാമത്തിലെ ഇവരുടെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കടുക് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ദളിത് സാനിറ്റേഷൻ ജീവനക്കാരനായ ഇന്ദ്രേഷിൻ്റെ മകനാണ് പ്രിൻസ്. ഇയാളുടെ മരുമകനാണ് അഭിഷേക്.
കൊലപാതകത്തിന് പിന്നിൽ ആരാണെന്നോ എന്താണ് കൊലപാതകത്തിന് കരണമെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നോർത്ത് എസ്.പി ജിതേന്ദ്ര കുമാർ പറഞ്ഞു. അതേസമയം പൊലീസിൻ്റെ അനാസ്ഥയാണ് ഇത്തരമൊരു ദുരന്തത്തിന് കാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചു. പൊലീസ് അടിയന്തരമായി ഇടപെട്ടിരുന്നെങ്കിൽ രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും അവർ പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരമാണ് കുട്ടികളെ കാണാനില്ലെന്ന് ആരോപിച്ച് പരാതി ലഭിച്ചതെന്ന് സൗത്ത് എസ്.പി ഗൗരവ് ഗ്രോവർ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സംഘം തിരച്ചിൽ നടത്തിയെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികളുടെ മുഖത്തും ദേഹത്തും മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള മുറിവുകളുണ്ടെന്നും എസ്.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.