അ​ൻ​ഷാ​സ്, ഹാ​ഷിം

എം.ഡി.എം.എയും മനോരോഗ ഗുളികകളുമായി രണ്ട് പേർ പിടിയിൽ

കുന്നംകുളം: മാരക മയക്കുമരുന്നായ എം.ഡി.എം.എയും മനോരോഗികൾക്ക് നൽകുന്ന ഗുളികകളുമായി രണ്ട് പേർ കുന്നംകുളത്ത് പിടിയിലായി. ചാവക്കാട് മണത്തല തെരുവത്ത് പിടികയിൽ അൻഷാസ് (40), ചൂണ്ടൽ പെലക്കാട്ടുപയ്യൂർ അമ്പലത്ത് ഹാഷിം (20) എന്നിവരെയാണ് തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ സഹായത്തോടെ കാണിപ്പയ്യൂരിൽനിന്ന് കുന്നംകുളം സി.ഐ വി.സി. സൂരജിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്ന് 200 നൈട്രാസെപാം ഗുളികകളും നാലുഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. മനോരോഗികൾക്ക് ഡോക്ടറുടെ നിർദേശാനുസരണം നൽകുന്ന ഗുളികയാണ് കണ്ടെടുത്തത്. കാറിൽ വിൽപനക്കായി വരുമ്പോഴാണ് നിരവധി കേസുകളിലെ പ്രതികളായ ഇവർ കസ്റ്റഡിയിലായത്.

ഗുളിക ഒരെണ്ണത്തിന് 200 രൂപക്ക് വിദ്യാർഥികൾക്ക് വിൽപന നടത്തി വരുകയായിരുന്നു. ഡോക്ടർമാരുടെ പേരിൽ വ്യാജമായും മറ്റും ശേഖരിക്കുന്ന കുറിപ്പടി ഉപയോഗിച്ച് വിവിധ മരുന്നു കടകളിൽനിന്നാണ് ഇത്രയും ഗുളികകൾ സംഘടിപ്പിച്ചത്. മരുന്നുകടകളിൽ നിയമാനുസരണം സൂക്ഷിക്കേണ്ട രജിസ്റ്ററുകളിൽ ഡോക്ടറുടെ കുറിപ്പടിയും രോഗികളുടെ വിവരവും വാങ്ങാൻ വരുന്നവരുടെ മൊബൈൽ നമ്പറുകളും കുറിച്ചിട്ട ശേഷമാണ് ഈ ഗുളിക നൽകേണ്ടിയിരുന്നത്.

ആവശ്യക്കാരായ വിദ്യാർഥികൾക്ക് ഫോൺ വിളിച്ചാൽ എത്തിച്ചുകൊടുക്കുകയായിരുന്നു. 2019ൽ മലമ്പുഴയിൽ എട്ട് കിലോ കഞ്ചാവുമായി എക്സൈസും എറണാകുളത്ത് വെച്ച് രണ്ടുകിലോ കഞ്ചാവുമായി പൊലീസും അൻഷാസിനെ പിടികൂടിയിരുന്നു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ഖത്തർ, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഹാഷിം മറ്റു പല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

കൊടുങ്ങല്ലൂർ സ്വദേശി മുഹ്സിനാണ് എം.ഡി.എം.എ അൻഷാസിന് എത്തിച്ചിരുന്നതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. അന്വേഷണസംഘത്തിൽ എസ്.ഐമാരായ പി.എസ്. മണികണ്ഠൻ, എസ്.എ. സക്കീർ, ലഹരിവിരുദ്ധ സംഘത്തിലെ അംഗങ്ങളായ എസ്.ഐ എൻ.ജി. സുവ്രതകുമാർ, പി. രാകേഷ്, കെ. ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒമാരായ ടി.വി. ജീവൻ, എം.എസ്. ലികേഷ്, കെ. ആശിഷ്, എസ്. ശരത്, എസ്. സുജിത്, സി.ബി. സന്ദീപ്, വനിത പൊലീസ് കെ.എസ്. ഓമന എന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - two arrested with MDMA and sleeping pills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.