ഫൈ​സ​ൽ

ലക്ഷങ്ങളുടെ കാമറ മോഷണം ‘കാമറ കള്ളനെ’ കുടുക്കി തൃശൂർ സിറ്റി പൊലീസ്

തൃശൂർ: നഗരത്തിലെ പ്രമുഖ ഷോപ്പിൽനിന്ന് 14 ലക്ഷം രൂപയുടെ കാമറകളും ലെൻസുകളും മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശിയും നിലവിൽ എറണാകുളം വല്ലാർപാടത്ത് താമസക്കാരനുമായ കുളത്തിങ്കൽ വീട്ടിൽ ഫൈസൽ എന്ന ‘കാമറ ഫൈസലി’നെയാണ് (35) തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

നവംബർ 10ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ സി.സി.ടി.വി ബന്ധം വിച്ഛേദിക്കപ്പെട്ടത് ശ്രദ്ധയിൽപെട്ടെങ്കിലും രാവിലെ കടയുടമ എത്തിയപ്പോഴാണ് ഷട്ടർ പൊളിച്ച് മോഷണം നടന്നതറിഞ്ഞത്. തുടർന്ന് സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക അന്വേഷണ സംഘവും ഈസ്റ്റ് പൊലീസും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എറണാകുളത്തെ വസതിയിൽനിന്ന് മുങ്ങിയ ഇയാളെ, തൃശൂരിലേക്കുള്ള യാത്രാമധ്യേ പിടികൂടുകയായിരുന്നു.

ഗൂഗിളിൽ തിരഞ്ഞ് കാമറ ഷോപ്പുകൾ കണ്ടെത്തുകയും മറ്റിടങ്ങളിൽനിന്ന് മോഷ്ടിച്ച കാമറകൾ അവിടെ വിൽക്കുകയും പിന്നീട് അതേ കടയിൽത്തന്നെ മോഷണം നടത്തുകയുമാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം കായംകുളത്തെ ഒരു കടയിൽ മോഷണം നടത്തിയതും ഫൈസലാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

അവിടെനിന്ന് മോഷ്ടിച്ച കാമറകൾ തൃശൂരിലെ ഈ കടയിൽ വിൽക്കാനെത്തിയപ്പോൾ നിരീക്ഷിച്ച ശേഷമാണ് ഇവിടെയും മോഷണം ആസൂത്രണം ചെയ്തത്. മോഷ്ടിച്ച കാമറകൾ ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തൃശൂർ സിറ്റി എ.സി.പി കെ.ജി. സുരേഷ്, ഈസ്റ്റ് ഇൻസ്പെക്ടർ ജിജോ, എസ്.ഐ ബിബിൻ ബി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - Thrissur City Police nabs 'camera thief' who stole cameras worth lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.