ആലപ്പുഴ: വീട്ടിൽ മാരകയുധങ്ങളുമായി അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിയ കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. തോണ്ടൻകുളങ്ങരയിൽ സന്ദീപ് ഭവനിൽ മധുകുമാരനാണ് (67) വെട്ടേറ്റത്. കഴിഞ്ഞ 14 ന് രാത്രി 11:30 യിടെയായിരുന്നു സംഭവം.
പാതിരപ്പള്ളി മണിമംഗലം വീട്ടിൽ കാലൻ ജോസ് (33), പാതിരപ്പള്ളി വെള്ളപ്പാടി കോളനിയിൽ രാഹുൽ നിവാസിൽ കണ്ണൻ (34), കഞ്ഞികുഴി ചിറയിൽ വീട്ടിൽ അനൂപ് (27) എന്നിവരെയാണ് നോർത്ത് പൊലീസ് സാഹസികമായി പിടികൂടിയത്. മധുകുമാരന്‍റെ മകൻ സന്ദീപും കാലൻ ജോസുമായിട്ടുള്ള കൂടിപ്പകയാണ് സംഭവത്തിന് പിന്നിൽ. സന്ദീപിനെ കൊല്ലുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
അപകടം അറിഞ്ഞ സന്ദീപ് വീടിന്‍റെ പിറകുവശം വഴി ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി ചേർത്തലയിൽ കൂട്ടുകാരന്‍റെ കല്യാണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് പ്രതികൾ ചത്തനാട് എത്തിയത്. കാലൻ ജോസ് മൂന്ന് കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ച ആളും മറ്റു പ്രതികൾ കഞ്ചാവ് കച്ചവടം തുടങ്ങി ക്രിമിനൽ കേസുകളിൽ പ്രതികളുമാണെന്ന് പോലിസ് പറഞ്ഞു.
ആലപ്പുഴ നോർത്ത് ഇൻസ്‌പെക്ടർ കെ.പി. വിനോദിന്‍റെ നേതൃത്വത്തിൽ, എസ്. ഐ. നിതിൻ രാജ്, സി.പി. ഒമാരായ എൻ.എസ്. വിഷ്ണു, വി.കെ.ബിനുമോൻ, വികാസ് ആന്‍റണി, ശ്യാം, സാഗർ, വിഷ്ണു ആനന്ദ്, ലാലു അലക്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.