പ്രതി ധർമ്മമുനീശ്വരനെ കോടതിയിൽ ഹാജരാക്കുന്നു
മധുരൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലുണ്ടായ പതിനേഴുകാരിയുടെ പീഡന-കൊലപാതകക്കേസിൽ പ്രതിയായ 38കാരന് ഇരട്ട വധശിക്ഷ വിധിച്ച് പ്രത്യേക പോക്‌സോ കോടതി. രാജ്യം മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത നടന്ന് വെറും 75 ദിവസത്തിനകമാണ് വിധി വന്നിരിക്കുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. ധർമ്മമുനീശ്വരൻ എന്ന പ്രതിക്കാണ് സെഷൻസ് ജഡ്ജ് എം. ബ്രീത്ത വധശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും സമീപത്തെ വിൻഡ് മില്ലിലെ (കാറ്റാടിയന്ത്രം) സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് കേസിൽ നിർണായകമായത്.
കഴിഞ്ഞ മാർച്ച് 10നായിരുന്നു കേസിനാസ്പദമായ സംഭവം. വെളിയിടത്തിൽ മലമൂത്രവിസർജ്ജനത്തിനായി പോയ പെൺകുട്ടിയെ പ്രതി വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. യാതൊരുവിധ സൂചനകളും അവശേഷിപ്പിക്കാതിരുന്ന കേസിൽ, സമീപത്തെ വിൻഡ് ഫാമിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറയിൽ പതിഞ്ഞ പ്രതിയുടെ ബൈക്ക് യാത്രയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഏപ്രിൽ 5ന് ആരംഭിച്ച വിചാരണ എട്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയായി. കേസിലെ 17 സാക്ഷികളെയും കോടതി വിശദമായി വിസ്തരിച്ചു. സംഭവം നടന്ന് വെറും 21 ദിവസത്തിനകം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. വിൻഡ് മില്ലിലെ സി.സി.ടി.വി ദൃശ്യങ്ങൾ, ഡി.എൻ.എ (DNA) പരിശോധനാ ഫലം, മോഷ്ടിച്ച ഇരുചക്ര വാഹനത്തിന്റെ വിവരങ്ങൾ എന്നിവയാണ് പ്രതിക്കെതിരെയുള്ള കുറ്റം അതിവേഗം തെളിയിക്കാൻ സഹായിച്ച മൂന്ന് പ്രധാന ഘടകങ്ങൾ.
പ്രതി കുറ്റകൃത്യം ചെയ്യുമ്പോൾ ധരിച്ചിരുന്ന ഷർട്ടിലെ രക്തക്കറ പെൺകുട്ടിയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. കൂടാതെ ഇരയുടെ ശരീരത്തിൽ നിന്ന് ലഭിച്ച സാമ്പിളുകൾ പ്രതിയുടെ ഡി.എൻ.എയുമായി പൂർണ്ണമായും ഒത്തുപോവുകയും ചെയ്തു.
വേദനാഥം ഗ്രാമത്തിനും തൂത്തുക്കുടി ടൗണിനും ഇടയിലുള്ള ആയിരത്തോളം മണിക്കൂർ ദൈർഘ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. പ്രതി കൃത്യം നടക്കുന്നതിന് നാല് മണിക്കൂർ മുൻപ് ഉച്ചയ്ക്ക് 2.30-ഓടെ ഗ്രാമത്തിൽ പ്രവേശിച്ചതായും അടുത്ത ദിവസം രാവിലെ 6.30-ഓടെ പുറത്തുപോയതായും സി.സി.ടി.വിയിൽ നിന്ന് വ്യക്തമായി. ഗ്രാമത്തിൽ പ്രവേശിക്കുമ്പോൾ ഓണായിരുന്ന പ്രതിയുടെ മൊബൈൽ ഫോൺ പിന്നീട് ഓഫ് ചെയ്യപ്പെടുകയും, പിറ്റേന്ന് ടൗണിൽ എത്തിയ ശേഷം വീണ്ടും ഓൺ ചെയ്യപ്പെടുകയും ചെയ്തു. ഇത് കൃത്യം നടന്ന സമയം കൃത്യമായി രേഖപ്പെടുത്താൻ സഹായിച്ചു.
മുൻപ് സമാനമായ മറ്റൊരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും പിന്നീട് കോടതി ശിക്ഷ താത്കാലികമായി റദ്ദാക്കുകയും ചെയ്ത വ്യക്തിയാണ് പ്രതിയായ ധർമ്മമുനീശ്വരൻ. പുറത്തിറങ്ങിയ അന്നുതന്നെ ഇയാൾ രാമനാഥപുരത്തുനിന്ന് ഒരു ബൈക്ക് മോഷ്ടിക്കുകയും അതിന്റെ നമ്പർ പ്ലേറ്റിൽ മാറ്റം വരുത്തുകയും ചെയ്തു. ഈ ബൈക്കിലാണ് ഇയാൾ ഗ്രാമത്തിലെത്തി കൊലപാതകം നടത്തിയത്.
പ്രതി മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നതും കുറ്റത്തിന്റെ ക്രൂരതയും കണക്കിലെടുത്താണ് പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളി കോടതി ഇരട്ട വധശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നീതി നടപ്പാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സൗത്ത് സോൺ ഐ.ജി വിജയേന്ദ്ര എസ്. ബിദാരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.