ഫുട്ബാൾ പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
പെരുമ്പടപ്പ്: വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ഫുട്ബാൾ പരിശീലകൻ വീണ്ടും അറസ്റ്റിലായി. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസാണ് (26) പോക്സോ കേസിൽ അറസ്റ്റിലായത്. വിദ്യാർഥിനിയുടെ മൊഴിയിലാണ് നിബ്രാസിനെതിരെ പെരുമ്പടപ്പ് പൊലീസ് കേസെടുത്തത്.
ഒന്നിലധികം വിദ്യാർഥിനികൾ സ്കൂൾ അധികൃതരോട് പരാതി പറയുകയും പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തതിനെത്തുടർന്ന് പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയിലാണ് ഇപ്പോൾ പുതിയ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ മഞ്ചേരി കോടതിയിൽനിന്ന് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കോടതിയിൽ ഹാജരാക്കുകയും ചെയ്തത്.
സ്കൂൾ അധികൃതരോടാണ് പീഡന വിവരം കുട്ടി ആദ്യം പറഞ്ഞത്. പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫുട്ബാൾ പരിശീലകനായ പ്രതിക്കെതിരെ മൊഴി കൊടുക്കുന്നതിൽനിന്ന് പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കളിൽ ചിലർ ശ്രമിച്ചതായും പരാതിയുണ്ട്. ഫുട്ബാൾ പരിശീലന കേന്ദ്രം നടത്തുന്ന പ്രതി കൂടുതലായും പെൺകുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.
സ്കൂൾ കൗൺസിലർക്കുനേരെ അസഭ്യവർഷവും വധഭീഷണിയും; നാലുപേർക്കെതിരെ കേസ്
പെരുമ്പടപ്പ്: ഫുട്ബാൾ പരിശീലകൻ മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് പോക്സോ കേസിൽ അറസ്റ്റിലായതോടെ സ്കൂൾ കൗൺസിലർക്ക് നേരെ അസഭ്യവർഷവും വധഭീഷണിയും. സ്കൂൾ കൗൺസിലർമാരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും സൈക്കോ സോഷ്യൽ കൗൺസിലറുമായ ധന്യ ആബിദിന് നേരയാണ് മാറഞ്ചേരി സ്കൂളിൽ എത്തി ഒരുസംഘം വധഭീഷണി മുഴക്കിയത്. പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നാണ് ഭീഷണി. പരാതിയിൽ അമീൻ, സക്കീർ, ഇസ്മായിൽ മാറഞ്ചേരി, ഷെക്കീർ എന്നിവരുടെ പേരിൽ പെരുമ്പടപ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന കൂടുതൽ പേർക്കെതിരെ കേസുണ്ടാവും. ഇസ്മായിൽ മാറഞ്ചേരി അറസ്റ്റിലായ ഫുട്ബാൾ പരിശീലകൻ നിബ്രാസിന്റെ ബന്ധുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.