എബിൻചന്ദ്, സണ്ണി
ഇരവിപുരം: തീരദേശ റോഡ് കേന്ദ്രീകരിച്ച് മയക്കുമരുന്നുസംഘങ്ങളുടെ പ്രവർത്തനം സജീവമാകുന്നതായി വ്യാപക പരാതി ഉയർന്നിട്ടും ലഹരി വിൽപന സംഘങ്ങളെ അമർച്ച ചെയ്യുന്ന കാര്യത്തിൽ പൊലീസും എക്സൈസും കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നു.
പൊലീസിന് രഹസ്യാന്വേഷണ വിഭാഗവും എക്സൈസിന് ഷാഡോ സംഘവും ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ഇവരുടെ സേവനം നാമമാത്രമായേ ലഭിക്കാറുള്ളൂ.
ലഹരി സംഘങ്ങളുടെ കേന്ദ്രമായി തീരപ്രദേശത്തോടടുത്ത മയ്യനാട് മാറുന്നതായി 'മാധ്യമം'റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസും എക്സൈസും നടത്തിയ പരിശോധനയിൽ മയ്യനാട് താന്നിയിൽ രണ്ടിടങ്ങളിൽ നിന്നായി നാലുപേരിൽനിന്ന് എം.ഡി.എം.എയും കഞ്ചാവും ശനിയാഴ്ച വൈകീട്ട് പിടികൂടിയിരുന്നു. മയ്യനാട്നിന്നാണ് എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ എക്സൈസിന്റെ പിടിയിലായത്. മയ്യനാട് കുറ്റിക്കാട് ബേബി സദനം വീട്ടില്‍ ആല്വിന് ജോര്‍ജ് (28), മയ്യനാട് സാഗരതീരം സൂനാമി ഫ്ലാറ്റ് 19/7 ല്‍ വിനോയ് (34) എന്നിവരില്‍ നിന്ന് 5.2 ഗ്രാം എം.ഡി.എം.എയും 45 ഗ്രാം കഞ്ചാവും പിടികൂടി.
താന്നി ബീച്ച് കേന്ദ്രീകരിച്ച് ലഹരി വ്യാപാരം വർധിക്കുന്നതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ ടീമും സൈബര്‍ സെല്ലും നടത്തിയ രഹസ്യ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്.
താന്നി ബീച്ചില്‍ എത്തുന്ന യുവാക്കളും കോളജ് വിദ്യാർഥികളുമാണ് ഇവരുടെ പ്രധാന ഉപഭോക്താക്കള്‍.
ആല്വിന്, വിനോയ് എന്നിവരെ അറസ്റ്റ് ചെയ്തതിലൂടെ എം.ഡി.എം.എ എത്തിച്ചുനല്‍കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി അസി. എക്സൈസ് കമീഷണര്‍ വി. റോബര്‍ട്ട് പറഞ്ഞു. എക്സൈസ് ആൻഡ് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയും കഞ്ചാവും പിടികൂടിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ വിഷ്ണു, പ്രിവന്റിവ് ഓഫിസര്‍ മനു, രഘു സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ശ്രീനാഥ്, ജൂലിയന്‍, മുഹമ്മദ് കാഹില്‍ ബഷീര്‍, അജീഷ് ബാബു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഗംഗ, ബീന, ശാലിനി, എക്സൈസ് ഡ്രൈവര്‍ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്.
പെരിനാട് ഞാറയ്ക്കൽ എരുമലതാഴതിൽ ഐശ്വര്യ ഭവനത്തിൽനിന്ന് മയ്യനാട് താന്നി ജങ്ഷന് സമീപം കാട്ടിൽപുരയിടം വീട്ടിൽ വാടക്ക് താമസിക്കുന്ന എബിൻചന്ദ് (33), മയ്യനാട് പുല്ലിച്ചിറ പുളിവെട്ടഴികത്ത് സണ്ണി (27) എന്നിവർ ഇരവിപുരം പൊലീസിന്റെ പിടിയിലായി. താന്നി ജങ്ഷന് സമീപം കാട്ടിൽപുരയിടംവീട് കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
23.85 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ഇരവിപുരം ഇൻസ്പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, സുനിൽ, എ.എസ്.ഐ പ്രമോദ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി. ജെറോം, സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ്, ലിനു എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പുലിമുട്ടുകളിലെ ടെട്രാപോഡുകൾക്കിടയിലിരുന്നാണ് ലഹരിവിൽപനയും ഉപയോഗവും. തീരദേശ റോഡിൽ ഏറ്റുമുട്ടലുകളും പതിവാണ്. പിടിയിലായാൽ അവർക്ക് ജാമ്യം നൽകി വിട്ടയക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.