ജ്ഞാന ദാസൻ

മോഷ്​ടിച്ച ​മൊബൈലിലെ സിം ഊരിമാറ്റാൻ സഹായം തേടിയതേയുള്ളൂ; അതോടെ അവസാനിച്ചത്​ മുപ്പത് വർഷത്തെ ഒളിച്ചുകളിയാണ്​

ചാലക്കുടി: മുപ്പത് വർഷത്തോളം ഒളിവിലായിരുന്ന മോഷ്ടാവിന്‍റെ ഒളിവ്​ ജീവിതം അവസാനിച്ചത്​ ചെറിയൊരു ​കൈയബദ്ധത്തിലൂടെ. കന്യാകുമാരി മുരുന്നം പാറൈ സ്വദേശി ജ്ഞാനദാസൻ എന്ന ദാസൻ (49) ആണ് പൊലീസിന്‍റെ പിടിയിലായത്. കേരളത്തിലും തമിഴ് നാട്ടിലുമായി നൂറിൽപരം മോഷണ കേസുകളിലും പോക്കറ്റടിക്കേസുകളിലും പ്രത്രിയായ ദാസൻ മുപ്പതിൽ പരം വർഷങ്ങളായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. 

കഴിഞ്ഞ ദിവസം തൃശൂർ ടൗണിൽ ജോലി ആവശ്യത്തിനായി എത്തിയ പാലക്കാട് സ്വദേശി ശക്തൻമാർക്കറ്റിനു സമീപം സിനിമാ ഷൂട്ടിങ്ങ് നടക്കുന്നത് കണ്ട് അൽപ നേരം ഷൂട്ടിങ്ങ്കണ്ട് നിന്ന ശേഷം ബസിൽ കയറാൻ ശ്രമിക്കവേയാണ് വില കൂടിയ മൊബൈൽ ഫോൺ മോഷണം പോയതായി മനസിലായത്. സമീപത്തുണ്ടായിരുന്ന ആളുടെ ഫോൺ വാങ്ങി വിളിച്ചു നോക്കിയെങ്കിലും രണ്ട് റിങ്ങിനു ശേഷം സ്വിച്ചോഫായി. ഇതോടെ സിനിമാ ഷൂട്ടിങ്ങിനിടയിലെ തിരക്കിൽ ഫോൺ ആരോ മോഷ്ടിച്ചതാണെന്ന ധാരണയിൽ തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി മൊബൈൽ ഫോൺ മോഷണം പോയതായി പരാതി നൽകി.

തുടർന്ന് പൊലീസ് അന്വേഷണമാരംഭിക്കുകയായിരുന്നു. ഇതിനിടയിൽ ചാലക്കുടിയിലെത്തിയ മോഷ്ടാവ് ഫോണിൽ നിന്നും സിം കാർഡ് ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നീട്​ രണ്ട് യുവാക്കളുടെ സഹായം തേടുകയും സംശയം തോന്നിയ യുവാക്കൾ വിവരം പൊലീസ് സ്റ്റേഷനിലറിയിക്കുകയും ചെയ്തു. തൃശൂർ ടൗണിൽ നിന്നും മൊബെൽ ഫോൺ മോഷണം പോയതറിഞ്ഞിരുന്നതിനാൽ ചാലക്കുടി പൊലീസ്​ ഉടനെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഓട്ടോ റിക്ഷാ ഡ്രൈവർമാരുടേയും മറ്റും സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.

പിടിക്കപ്പെട്ടപ്പോഴാണ്​ ഇയാൾ മറ്റു കേസുകളിലും പിടികിട്ടാപ്പുള്ളി ആണെന്ന്​ പൊലീസ്​ തിരിച്ചറിയുന്നത്​. 1990 ൽ അർദ്ധ സർക്കാർ സ്ഥാപനമായ എറണാകുളം ജില്ലയിലെ കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ വക റബർ ഫാക്ടറിയിൽ നിന്നും സംസ്കരിച്ച ലാറ്റക്സ് മോഷ്ടിച്ച കേസിൽ അയ്യമ്പുഴ പോലീസ് സ്റ്റേഷനിലടക്കം പലയിടത്തും പിടി കിട്ടാപ്പുള്ളിയാണ് ജ്ഞാന ദാസൻ.


Tags:    
News Summary - theif arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.