ഓവിയ, ഉമ
തൊടുപുഴ: ബസ് യാത്രക്കാരിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവതിയും മാതാവും പിടിയിൽ. തിരുപ്പൂർ സ്വദേശികളായ ഓവിയ (21), ഉമ (41) എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ഉടുമ്പന്നൂർ സ്വദേശിയായ വീട്ടമ്മ ലൂസിയുടെ രണ്ടര പവൻ വരുന്ന മാലയാണ് ബസിൽനിന്ന് മോഷ്ടിച്ചത്.
വണ്ണപ്പുറത്തുനിന്ന് തൊടുപുഴക്ക് വരുന്നതിനിടെ മുതലക്കോടത്തുവെച്ചാണ് സംഭവം. ആരോ മാലയിൽ പിടിക്കുന്നതായി തോന്നിയതിനെ തുടർന്ന് ലൂസി തിരിഞ്ഞു നോക്കുമ്പോൾ തന്റെ മാല പിന്നിൽ നിൽക്കുന്ന സ്ത്രീയുടെ കൈയിൽ കണ്ടു. ഇതോടെ ബഹളം വെച്ചു. സഹയാത്രക്കാർ ഇരുവരെയും തടഞ്ഞുവെച്ചെങ്കിലും വണ്ടി നിർത്തിയപ്പോൾ ഓടി കടന്നുകളയുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോൾ പ്രതികളുടെ കൈയിൽനിന്ന് മാല കണ്ടെടുത്തതായി തൊടുപുഴ സി.ഐ വി.സി. വിഷ്ണുകുമാർ പറഞ്ഞു. ഇവരുടെ ചിത്രങ്ങൾ കണ്ട് പലരും കൂടുതൽ പരാതികളുമായി സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. കൂടുതലും ബസ് കേന്ദ്രീകരിച്ച് മാല, പണം തുടങ്ങിയവ നഷ്ടപ്പെട്ട കേസുകളാണെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടങ്ങിയതും സി.ഐ പറഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.