ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ ഡൽഹിയിൽ ആക്രമികൾ കാറിനടിയിലൂടെ വലിച്ചിഴച്ചു കൊലപ്പെടുത്തിയ അഞ്ജലി സിങ്ങിന്റെ വീട്ടിൽ മോഷണം. സുഹൃത്ത് നിധിയുടെ ആളുകളാണ് മോഷണം നടത്തിയതെന്ന് അഞ്ജലിയുടെ കുടുംബം ആരോപിച്ചു. കരൺ വിഹാറിലെ വീടിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നതെന്നാണ് കുടുംബം പറയുന്നത്. വീട്ടിൽ നിന്ന് എൽ.സി.ഡി ടി.വി അടക്കമുള്ള സാധനങ്ങൾ കൊണ്ടുപോയതായും ആരോപണമുണ്ട്. ''ഇന്ന് രാവിലെ അയൽക്കാരാണ് മോഷണത്തെ കുറിച്ച് വിവരം അറിയിച്ചത്.
അവിടെ പോയി നോക്കിയപ്പോൾ വീടിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലാണ്. വീട്ടിൽ നിന്ന് എൽ.സി.ഡി ടി.വി അടക്കമുള്ള സാധനങ്ങൾ കൊണ്ടുപോയി. ബെഡുകൾ അടക്കം കടത്തി. ടി.വി പുതിയതായിരുന്നു. രണ്ടുമാസമായിട്ടേ ഉള്ളൂ അത് വാങ്ങിയിട്ട്.''-കുടുംബം പറയുന്നു.
നേരത്തേ തന്നെ നിധി ഒളിച്ചുകളി നടത്തുകയാണ്. അപകടമുണ്ടായപ്പോൾ പൊലീസിനെ അറിയിക്കാനുള്ള സാമാന്യ മര്യാദ പോലും നിധി കാണിച്ചില്ല. ഇപ്പോഴും അവർ പേടിച്ചോടുകയാണോ? നിധിയുടെ ഗൂഢാലോചനയാണിത്.-അഞ്ജലിയുടെ അമ്മാവൻ ഉറപ്പിച്ചു പറഞ്ഞു.
അവൾക്ക് മദ്യപിക്കുന്ന ശീലമേ ഉണ്ടായിരുന്നില്ല. എന്നിട്ടും നിധി അവൾ അമിതമായി മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് കള്ളം പറഞ്ഞു. അങ്ങനെയുണ്ടെങ്കിൽ അത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടാവുമായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ജനുവരി ഒന്നിനാണ് 20കാരിയായ അഞ്ജലി സിങ്ങിന്റെ ദാരുണ മരണം. സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.