അക്രമി സഞ്ചരിച്ച
യുവതിയുടെ സ്കൂട്ടർ
കഠിനംകുളം: കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ വെഞ്ഞാറമൂട് ആലിയാട് പ്ലാവിട വീട്ടിൽ ആതിരയെ (30) കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് കഴുത്തിന് മാരകമായ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതകത്തിനു ശേഷം പ്രതി എന്ന് സംശയിക്കുന്ന ആൾ രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയോടെ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിന്നാണ് സ്കൂട്ടർ കണ്ടെത്തിയത്. പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടുവെന്ന നിഗമനത്തിലാണ് പൊലീസ്. സ്കൂട്ടർ കഠിനംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു തുറന്നു പരിശോധിച്ചു.
ജില്ല റൂറൽ പോലീസ് മേധാവി കെ.എസ്. സുദർശൻ ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. പ്രതി എന്ന് പൊലീസ് സംശയിക്കുന്ന വ്യക്തി പെരുമാതുറയിൽ വീട് വാടകക്ക് എടുത്ത് ഏതാനം ദിവസം താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് വരെ വീട്ടിൽ ഇയാൾ ഉണ്ടായിരുന്നതായും പിന്നീട് പുറത്തുപോയ പ്രതി തിരിച്ചുവന്നിട്ടില്ലന്നും പോലീസിന് വിവരം ലഭിച്ചു.
യുവതി കൊല്ലപ്പെട്ട വീട്ടിൽ ഇന്നലെ ഫോറൻസിക് വിഭാഗം വീണ്ടും പരിശോധന നടത്തി. യുവതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം കഠിനംകുളത്തും അവിടെ നിന്ന് യുവതിയുടെ വെഞ്ഞാറമൂട് അലിയാടുള്ള കുടുംബ വീട്ടിൽ എത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
കഴുത്തിൽ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നും ശരീരത്തിൽ മറ്റു മുറിവുകൾ ഒന്നുമില്ലെന്നും പൊലീസ് പറഞ്ഞു. പുറത്തുനിന്നും കൊണ്ടുവന്ന കത്തിയായതിനാൽ കരുതിക്കൂട്ടിയുള്ള കൊലപാതകം ആകാനാണ് സാധ്യത. കുത്താനുപയോഗിച്ച കത്തി മൃതദേഹത്തിന്റെ അരികിൽ നിന്നും കണ്ടെത്തിയിരുന്നു.
നാലു സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി അന്വേഷണം നടത്തുന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമും കൂടാതെ ഡാൻസാഫ് സംഘവും, കഠിനംകുളം, ചിറയിൻകീഴ് പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്.
യുവതിയുടെ ഭർത്താവും ക്ഷേത്രം പൂജാരിയുമായ രാജീവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഭർത്താവ് പറയുന്നതിൽ ചില പൊരുത്തക്കേട് ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ പൂജക്ക് പോയ ഭർത്താവ് 11.30ഓടെ മടങ്ങി എത്തിയപ്പോഴാണ് ആതിര കഴുത്തിന് ആഴത്തിൽ കുത്തേറ്റ നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.