പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഒരു ക്ലിക്ക് മതി... ജീവിതസമ്പാദ്യം ഇല്ലാതാകാൻ. ഇന്ത്യയിൽ കഴിഞ്ഞ ആറു മാസത്തിനിടെയുണ്ടായ സൈബർ തട്ടിപ്പിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓരോ ദിവസവും പരാതികൾ കൂടുന്നതോടൊപ്പം നഷ്ടപ്പെടുന്ന തുകയും വലുതായിക്കൊണ്ടിരിക്കുന്നു.
ആറുമാസത്തിനിടയിൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 12.71 ലക്ഷത്തിലധികം സൈബർ കുറ്റകൃത്യങ്ങളാണ്. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള സൈബർ കുറ്റകൃത്യങ്ങളുടെ കണക്കാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ഇതിലൂടെ 10,178 കോടി രൂപ പൗരന്മാർക്ക് നഷ്ടപ്പെട്ടുവെന്നും ഇതിൽ 2,968.85 കോടി രൂപ ബാങ്കുകൾ മരവിപ്പിച്ചുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. മരവിപ്പിക്കാൻ കഴിഞ്ഞത് ആകെ നഷ്ടത്തിന്റെ 29.17 ശതമാനം മാത്രമാണ്.
2021-2026 കാലയളവിൽ 64,447 കോടി രൂപയുടെ നഷ്ടം സൈബർ തട്ടിപ്പുകൾ വഴിയുണ്ടായി. അതിൽ 10,718 കോടി രൂപ വിവിധ ബാങ്കുകൾ മരവിപ്പിച്ചു. ആകെ തട്ടിപ്പിന്റെ 323 കോടി രൂപ മാത്രമാണ് ഇരകൾക്ക് തിരികെ നൽകാനായത്.
ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ, ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ, വ്യാജ ലോൺ ആപ്പുകൾ, ഫിഷിങ്, ആൾമാറാട്ടം, സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ ലിങ്കുകൾ എന്നിവ വഴിയാണ് പ്രധാനമായും തട്ടിപ്പുകൾ നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല യോഗത്തിൽ പുറത്തുവിട്ട രേഖകൾ പറയുന്നു.
1.85 ലക്ഷം സൈബർ തട്ടിപ്പ് പരാതികൾ നടന്ന ഉത്തർപ്രദേശാണ് സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിൽ. 1.58 ലക്ഷം പരാതികളുമായി മഹാരാഷ്ട്ര രണ്ടാമത്. 1.21 ലക്ഷം പരാതികൾ രജിസ്റ്റർ ചെയ്ത കർണാടകയാണ് മൂന്നാം സ്ഥാനത്ത്. ഗുജറാത്ത് (97,937), ബിഹാർ (93,137), രാജസ്ഥാൻ (75,883), പശ്ചിമ ബംഗാൾ (72,439), ഡൽഹി (64,496), തമിഴ്നാട് (63,116), ഹരിയാന (58,721) സംസ്ഥാനങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുത്താൽ മഹാരാഷ്ട്രയാണ് ഒന്നാമത്; 1,637.66 കോടിയുടെ നഷ്ടം. കർണാടകയാണ് രണ്ടാമത് (1,097.37 കോടി). തമിഴ്നാട് (897.79 കോടി), ഉത്തർപ്രദേശ് (734.19 കോടി), ഗുജറാത്ത് (643.82 കോടി), ചണ്ഡീഗഢ് (630.53 കോടി), തെലങ്കാന (614.18 കോടി) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങൾക്ക് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്.
അതേസമയം, ചെറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ തട്ടിപ്പ് പരാതികൾ കുറവാണ്. മിസോറം 432, നാഗാലാൻഡ് 455, സിക്കിം 537, അരുണാചൽ പ്രദേശ് 656, മേഘാലയ 784 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തത്. കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ് 37, ലഡാക്ക് 174, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ 406 എന്നിങ്ങനെയാണ് പരാതികളുടെ എണ്ണം.
കേരളത്തിലും കഴിഞ്ഞ മാസങ്ങളിൽ സൈബർ തട്ടിപ്പ് പരാതികൾ വർധിച്ചിട്ടുണ്ട്. വ്യാജ നിക്ഷേപ പദ്ധതികൾ, പാർട്ട് ടൈം ജോലി വാഗ്ദാനങ്ങൾ, ടെലിഗ്രാം-വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെടൽ, വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ എന്നിവയാണ് സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്.
സൈബർ തട്ടിപ്പിന് ഇരയായതായി മനസ്സിലാകുന്ന ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിനെ വിവരം അറിയിക്കുകയും ദേശീയ സൈബർ ഹെൽപ്‌ലൈൻ 1930-ൽ വിളിക്കുകയോ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം. ആദ്യ മണിക്കൂറുകളിൽ പരാതി നൽകാനായാൽ പണം മരവിപ്പിക്കാനും നഷ്ടം കുറയ്ക്കാനും സാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ സംയുക്തമായി നടപടികൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും, ജനങ്ങളുടെ ജാഗ്രതയാണ് ഇത്തരം തട്ടിപ്പുകൾ തടയുന്നതിൽ ഏറ്റവും നിർണായകമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.