കർണാടകയിൽ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തി; ഭാര്യ കസ്റ്റഡിയിൽ, എട്ടുവയസ്സുകാരൻ മകന് ഗുരുതര പരിക്ക്

ബംഗളൂരു: കർണാടകയിലെ ധാർവാഡിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി. എട്ടുവയസ്സുകാരനായ മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ 45കാരൻ ഡോ. കിരൺ ഹോണന്നവരെയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയും നേത്രരോഗ വിദഗ്ധയുമായ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ബുധനാഴ്ച രാത്രിയാണ് സംഭവം. വീട്ടിലെ ഒരു മുറിയിൽ ഡോക്ടറുടെ മൃതദേഹവും മറ്റൊരു മുറിയിൽ പരിക്കേറ്റ നിലയിൽ മകനെയും കണ്ടെത്തുകയായിരുന്നു. കിരണിന്റെ ബന്ധുക്കൾ അദ്ദേഹത്തെ ബന്ധപ്പെടാൻ പലതവണ ​ശ്രമിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. കിരൺ വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും ഭാര്യ ബന്ധുക്കളോട് പറഞ്ഞു. വൈകീട്ടായിട്ടും കിരണിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെ കുടുംബാംഗങ്ങൾ വീട്ടിലെത്തുകയായിരുന്നു. ഇതോടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന കിരണിനെയും കുട്ടിയെയും കണ്ടെത്തി. പൊലീസ് എത്തിയപ്പോൾ കുട്ടിക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

കുടുംബം താമസിച്ചിരുന്ന അപാർ​ട്ട്മെന്റിൽ പുറത്തുനിന്നുള്ള ആരും പ്രവേശിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ദമ്പതികളും കുട്ടിയും മാത്രമാണ് വീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഭാര്യ മാനസികാഘാതത്തിലാണെന്നും അവർ നൽകുന്ന മൊഴികളിൽ വ്യക്തതയില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലവും കൊലപാതകത്തിലേക്ക് നയിച്ച കാരണവും കണ്ടെത്താൻ ബന്ധുക്കളിൽനിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ അപാർട്ട്മെന്റ് സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിൽ ഫൊറൻസിക് സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ചശേഷമേ മരണത്തിലേക്ക് നയിച്ച കാരണങ്ങ​ളെക്കുറിച്ച് വ്യക്തത വരൂവെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Tags:    
News Summary - Karnataka Doctor Found Dead Wife in Custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.