കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‍.പി ഹരിദാസാണ് അന്വേഷണം നടത്തുക. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച വടകര കല്ലേരി സ്വദേശി സജീവനാണ് (42) വ്യാഴാഴ്ച രാത്രി 11.30ഓടെ മരിച്ചത്. സജീവനെ വടകര എസ്.ഐ മർദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞു വീണപ്പോൾ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ലെന്നും സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. സജീവന്റെ പോസ്റ്റ്‍മോർട്ടം ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തും.
സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, മദ്യപിച്ചെന്ന പേരിൽ സജീവനെ എസ്.ഐ മർദിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതോടെ സജീവൻ സ്റ്റേഷന് മുന്നിൽ കുഴഞ്ഞു വീണു. നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറുകളോളം സ്‌റ്റേഷനിൽ ഇരുത്തുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു.
ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. പൊലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടുപോകാനോ ആംബുലൻസ് വിളിക്കാനോ പൊലീസ് തയാറായില്ല. കുഴഞ്ഞുവീഴുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് വടകര സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നെന്നും കൂടെയുണ്ടായിരുന്നവർ വെളിപ്പെടുത്തി.
വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട് സജീവനും സുഹൃത്തുക്കളും എതിർ വാഹനത്തിലുണ്ടായിരുന്നവരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നാണ് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. മദ്യപിച്ചിരുന്ന വിവരം പൊലീസിനോട് സമ്മതിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ, തുടർനടപടികൾക്ക് വിധേയരാക്കുന്നതിന് മുമ്പ് പൊലീസ് തങ്ങളെ മർദിക്കുകയായിരുന്നെന്നാണ് ഇവരുടെ ആരോപണം.
അതേസമയം കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണം പൊലീസ് നിഷേധിച്ചു. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികൾ പൂർത്തിയാക്കിയതായും പൊലീസ് പറയുന്നു. സ്റ്റേഷനിൽനിന്ന് പുറത്തു വന്ന ഉടൻ സ്റ്റേഷന് മുന്നിൽ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇദ്ദേഹം വീഴുന്നത് കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.