മധുരൈ: യൂട്യൂബ് ചാനലിൽ കണ്ടതു പ്രകാരം തടി കുറക്കുന്നതിനായി വെൺകാരം (ബോറോക്സ്) കഴിഞ്ഞ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനി മരിച്ചു. സെല്ലൂരിലെ നരിമേടിലുള്ള പ്രമുഖ വനിത കോളജിലെ വിദ്യാർഥിനി കലൈയരശിയാണ് (19) മരണപ്പെട്ടത്.
സാധാരണ ഗതിയിൽനിന്ന് അൽപം തടി കൂടുതലുള്ള കലൈയരശി തടി കുറക്കുന്നതിനുള്ള പല വഴികളും ശ്രമിച്ചിരുന്നു. യൂട്യൂബിൽനിന്നുള്ള പല ടിപ്സുകളും പരീക്ഷിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഒരു യൂ ട്യൂബ് ചാനലിൽ വെൺകാരം കഴിച്ചാൽ തടി കുറക്കാമെന്ന് കണ്ടത്. ഇതോടെ വെൺകാരം ഉപയോഗിക്കുകയിരുന്നു. ജനുവരി 16നാണ് ഇതിനായി കലൈശൈൽവി വെൺകാരം വാങ്ങുന്നത്. തൊട്ടടുത്ത ദിവസം അത് കഴിക്കുകയും ചെയ്തു. വൈകാതെ ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ട കലൈയരശിയെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കുശേഷം നില മെച്ചപ്പെട്ടതോടെ വീട്ടിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ, രാത്രിയോടെ വയറിളക്കവും ഛർദ്ദിയും കൂടിയതോടെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രിയിൽവെച്ച് പെൺകുട്ടി മരണപ്പെടുകയായിരുന്നു. മീനാംബാൾപുരത്തെ കൂലിപ്പണിക്കാരനായ വേൽ മുരുകന്റെയും വിജയലക്ഷ്മിയുടെയും മകളാണ്. സംഭവത്തിൽ സെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വെൺകാരം എന്ത്
ചില മരുന്നുകൾക്കും മറ്റും ഉപയോഗിക്കുന്ന വെൺ കാരം ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അപകടമുണ്ടാക്കുന്ന പദാർഥമാണ്. സോഡിയം ടെട്രാബോറേറ്റ് എന്നാൽ ഇതിന്റെ ശാസ്ത്രീയ നാമം. സെറാമിക്സ്, ഗ്ലാസ്, ഫൈബർ ഗ്ലാസ് എന്നിവയുടെ നിർമാണത്തിനും, വെൽഡിങ്, ലോഹ ശുദ്ധീകരണം എന്നിവക്കുമൊക്കെ ഇത് ഉപയോഗിക്കുന്നുണ്ട്. തുണികൾ അലക്കുന്നതിനായും മറ്റുമുള്ള ഡിറ്റർജന്റായും ഇത് ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.