Representational Image
ബംഗളൂരു: തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിൽ യാദ്ഗിർ ഷഹാപൂരിൽ യുവാവിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ചോദ്യം ചെയ്തു. ഖാലിദ് അഹ്മദ് എന്നയാളെയാണ് എൻ.ഐ.എ സംഘം വീട്ടിലെത്തി ചോദ്യം ചെയ്തത്. ജൂലൈയിൽ ഝാർഖണ്ഡിൽ അറസ്റ്റിലായ ഐ.എസ് തീവ്രവാദിയെന്ന് സംശയിക്കുന്ന ഫൈസാൻ അൻസാരിയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
അന്വേഷണ ഉദ്യോഗസ്ഥൻ സച്ചിദാനന്ദ ശർമയുടെ നേതൃത്വത്തിലുള്ള ടീം ഷഹാപൂരിലെ വസതിയിൽ മൂന്നു മണിക്കൂറോളം യുവാവിനെ ചോദ്യം ചെയ്തു. സെപ്റ്റംബർ 20ന് റാഞ്ചിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകാനും നോട്ടീസ് നൽകി. ഫൈസാൻ അൻസാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് എൻ.ഐ.എ ഖാലിദിനെ ചോദ്യം ചെയ്യുന്നത്. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി വിദ്യാർഥിയായ അൻസാരിയെ കഴിഞ്ഞ ജൂലൈയിൽ ഝാർഖണ്ഡിലെ ലോഹാർദഗയിൽനിന്നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ഐ.എസ് സംഘവുമായി ബന്ധം പുലർത്തിയിരുന്ന അൻസാരി ഝാർഖണ്ഡിൽ തീവ്രവാദ സംഘത്തെ നിർമിക്കാൻ ശ്രമിച്ചുവരുകയായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.