സാൻഫ്രാൻസിസ്കോ: യു.എസിലെ കാലിഫോർണിയയിൽ സിഖ് കുടുംബത്തിലെ പിഞ്ചുകുഞ്ഞ് അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജീസസ് മാനുവൽ സൽഗാഡോ (48) കുടുംബത്തിന്റെ ട്രക്കിങ് കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്തിരുന്നയാൾ. വാക്ക്തർക്കമുണ്ടായി ജോലിയിൽനിന്ന് പിരിഞ്ഞുപോവുകയായിരുന്നുവെന്നും ബന്ധുവിനെ ഉദ്ധരിച്ച് എൻ.ബി.സി ബേ ഏരിയ ടി.വി റിപ്പോർട്ട് ചെയ്തു.
പഞ്ചാബിൽ ഹോഷിയാർപുർ സ്വദേശികളായ ജസ്ദീപ് സിങ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), മകൾ അരൂഹി ധേരി (എട്ടു മാസം), ബന്ധു അമൻദീപ് സിങ് (39) എന്നിവരുടെ മൃതദേഹം ഇന്ത്യാന റോഡിനു സമീപമുള്ള കൃഷിത്തോട്ടത്തിലാണ് കണ്ടെത്തിയത്. കുടുംബത്തിന്റെ യൂനിസൺ ട്രക്കിങ് ഇൻകോർപറേഷൻ എന്ന കമ്പനിയുടെ പേരിൽ കാലിഫോർണിയയിലെ മെഴ്‌സിഡ് കൗണ്ടിയിൽ ഒരാഴ്ച മുമ്പ് ആരംഭിച്ച ഓഫിസിൽനിന്ന് തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ ഇവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച തോട്ടത്തിനടുത്തുള്ള ഒരു കർഷകത്തൊഴിലാളിയാണ് കണ്ടത്. കുഞ്ഞിനെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നു. കമ്പനിയിൽ തിങ്കളാഴ്ച പ്രതി എത്തുന്നതും കുടുംബത്തെ തട്ടിക്കൊണ്ടുപോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.
ജസ്ദീപ് സിങ്ങിന്റെയും അമൻദീപ് സിങ്ങിന്റെയും കൈകൾ പിന്നിൽ കെട്ടി ട്രക്കിൽ കയറ്റുകയും തിരിച്ചെത്തി കുഞ്ഞുമായി ജസ്‌ലീൻ കൗറിനെ കയറ്റി വണ്ടി ഓടിച്ചുപോകുകയുമായിരുന്നു. തട്ടിക്കൊണ്ടുപോകലിലും കൊലപാതകങ്ങളിലും മറ്റൊരാൾ കൂടി ഉൾപ്പെട്ടിരിക്കാമെന്നാണ് കരുതുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിക്കുന്നുണ്ടെന്നും മെഴ്‌സിഡ് കൗണ്ടിയിലെ പൊലീസ് ഉദ്യോഗസ്ഥൻ വെൺ വാങ്കെ പറഞ്ഞു.
സ്ഥാപനത്തിൽനിന്ന് ഒന്നും മോഷണം പോയിട്ടില്ല. ധരിച്ചിരുന്ന സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. 2005ൽ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിൽ പ്രതിയായിരുന്ന സൽഗാഡോ 11 വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ലഹരിവസ്തു കൈവശംവെച്ച കേസിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ ഒരാളുടെ എ.ടി.എം കാർഡ് ഉപയോഗിക്കാൻ പ്രതി ശ്രമിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനുമുമ്പ് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ തട്ടിക്കൊണ്ടുപോകൽ, കൊലപാതക കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.