അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; മരിച്ചത് അമ്മൂമ്മക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞ്

അങ്കമാലി: കറുകുറ്റി ചീനി ഭാഗത്ത് അമ്മൂമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ.  കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവിൽ ആൻ്റണിയുടെയും- കറുകുറ്റി പയ്യപ്പിള്ളി റൂത്തിൻ്റേയും മകൾ ഡെൽന മരിയ സാറയാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്.

സംഭവത്തെ തുടർന്ന് കുഞ്ഞിൻ്റെ അമ്മൂമ്മ റോസി (60) ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. അവശനിലയിലായ ഇവരെ അങ്കമാലി മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസവത്തെ തുടർന്ന് റൂത്തും, കുഞ്ഞും റൂത്തിൻ്റെ കറുകുറ്റിയിലെ വീട്ടിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് കുഞ്ഞിനെ കുളിപ്പിച്ച് അമ്മൂമ്മയോടൊപ്പം ഉറക്കാൻ കിടത്തിയതത്രെ.

മണിക്കൂറുകൾ കഴിഞ്ഞിട്ടും കുഞ്ഞ് ഉണരാതെ വന്നതോടെ അമ്മയുടെ ബന്ധുക്കൾ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവത്രെ. കഴുത്ത് മുറിഞ്ഞതും ചോര വാർന്നൊഴുകിയതും  മരണം സംഭവിച്ചതും അടക്കമുള്ള ചോദ്യങ്ങളിൽ വീട്ടുകാർ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ സംശയം തോന്നിയ ആശുപത്രി അധികൃതർ അങ്കമാലി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ച ശേഷം

കറുകുറ്റിയിലെ വീട്ടിലെത്തിയതോടെയാണ് റോസി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.  കൊല ചെയ്യപ്പെട്ട വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. സംഭവമറിഞ്ഞ് കുഞ്ഞിൻ്റെ പിതാവ് ആൻ്റണിയും  ബന്ധുക്കളും സ്ഥലത്തെത്തി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം കൃത്യം ചെയ്തത് ആരെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. റോസിയെ ആമവാത രോഗത്തിനും പതിവായി സോഡിയം കുറയുന്നതിനാലും മൂക്കന്നൂർ ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. സോഡിയം കുറയുമ്പോൾ റോസി മാനസികാസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ പൊലീസ് അത് വിശ്വാസത്തിലെടുത്തിട്ടില്ല. ആലുവ ഡി.വൈ.എസ്.പി ടി.കെ. രാജേഷിനാണ് കേസിൻ്റെ അന്വേഷണ ചുമതല.

Tags:    
News Summary - Six month old baby killed by slitting his throat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.