മസാജിലൂടെ സുഖംപകരാമെന്ന് 19കാരൻ `യുവതി': പണം നൽകിയവർക്ക് അയൽക്കാരിയുടെ നമ്പർ

ഏറെ തട്ടിപ്പുകൾ കേട്ട മലയാളിക്ക് മുൻപിൽ മറ്റൊന്ന് കൂടി. മസാജിലൂടെ സുഖംപകരാമെന്ന് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുത്തി പണം തട്ടിയെടുത്ത 19കാരൻ `യുവതി' പിടിയിലായി. ഉഴിച്ചിൽ വാഗ്‌ദാനമേകി യുവതിയുടെ ചിത്രമുപയോഗിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. അന്വേഷിച്ചവർക്ക് നാട്ടുകാരിയുടെ ഫോൺനമ്പർ നൽകി. കേസിൽ ചോക്കാട് സ്വദേശി ക്രിസ്റ്റോൺ ജോസഫ് അറസ്റ്റിലായി.

മസാജ് ചെയ്തുനൽകുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റർനെറ്റിൽനിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കിയത്. ദിവസങ്ങൾക്കം 131 പേർ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോൺനമ്പർ ആവശ്യപ്പെട്ടു. ഇവർക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്പർ നൽകി. ഫോണിലേക്ക് വിളികൾ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസിൽ പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.

ഉഴിച്ചിലിലൂടെ ശാരീരികസുഖം നൽകുമെന്നായിരുന്നു വാഗ്‌ദാനം. 4000 രൂപയുടെ പൂർണ ഉഴിച്ചിൽ മുതൽ 2000 രൂപയുടെ സുഖചികിത്സ വരെയാണ് പറയുന്നത്. ഇതെകുറിച്ചുള്ള പരസ്യവാചകത്തിലും സ്വകാര്യ സന്ദേശ കൈമാറ്റത്തിലും ഏറെപ്പേർ വീണു. ആവശ്യപ്പെട്ട പണം നൽകി ഉഴിച്ചിൽ നടത്താൻ പലരും തയ്യാറായി. കുറച്ച് സ്ത്രീകളും ഈ അക്കൗണ്ടിന്റെ സൗഹൃദവലയത്തിലായി.

അക്കൗണ്ട് ഉണ്ടാക്കി 10 ദിവസത്തിനകം യുവാവ് പിടിയിലായതിനാൽ സാമ്പത്തികത്തട്ടിപ്പിന് വഴിയൊരുങ്ങിയില്ലെന്നാണ് പൊലീസ് നിഗമനം. യുവതിയുടെ പരാതിയിൽ ഐ.ടി. നിയമപ്രകാരമാണ് കേസ്. കാളികാവ് സബ് ഇൻസ്‌പെക്ടർ ടി.പി. മുസ്തഫ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽസലീം, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - scammed in the name of massage: 19-year-old man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.