സേഫ് ആൻഡ് സ്ട്രോങ് തട്ടിപ്പ്: പ്രവീൺ റാണയുടെ ബിനാമി ഇടപാടുകളിൽ കൂടുതൽ അന്വേഷണം

തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷിക്കുന്നു. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധന നടത്തിയതിൽ സംസ്ഥാനത്തിന് അകത്തും പുറത്തും ഭൂമികളുള്ളതായും വിവിധയിടങ്ങളിൽ നിക്ഷേപങ്ങളുള്ളതിന്റെയും രേഖകൾ ലഭിച്ചിരുന്നു.

ചൊവ്വാഴ്ച പ്രവീൺ റാണയുടെ വിശ്വസ്തരിലൊരാൾകൂടിയായ ജീവനക്കാരനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. നിർണായക വിവരങ്ങൾ ഇയാളിൽനിന്ന് ലഭിച്ചതായാണ് സൂചന. ഇതനുസരിച്ചാണ് ബിനാമി ഇടപാടുകളിൽ കൂടുതൽ അന്വേഷണത്തിനുള്ള തീരുമാനം.

ബിസിനസ് പങ്കാളിയായ കണ്ണൂർ സ്വദേശി ഷൗക്കത്തിന് 16 കോടി നൽകി പബ്ബിലേക്ക് നിക്ഷേപം നടത്തിയെന്ന സൂചന ലഭിച്ചിരുന്നു. സമാനമായ മറ്റ് നിക്ഷേപങ്ങളെയും ഇടപാടുകളെയും കുറിച്ച് കൂടുതൽ അറിയാനാണ് ശ്രമം. 100 കോടിയിലധികം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. വൻ തുകകളുടെ നിക്ഷേപ രേഖകളും ലഭിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത നിധി കമ്പനിയുടെ മറവിലൂടെ കോടികളുടെ വിനിമയങ്ങൾ നടത്തിയത് കള്ളപ്പണ ഇടപാടാണെന്ന സംശയവും അന്വേഷണത്തിലുണ്ട്.

വ്യാഴാഴ്ച പ്രവീൺ റാണയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. എന്നാൽ, അന്നുതന്നെ പൊലീസിന്റെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള അപേക്ഷയും മറ്റ് സ്റ്റേഷനുകളിലെടുത്ത കേസുകളുടെ ഭാഗമായുള്ള പ്രൊഡക്ഷൻ വാറന്റ് അപേക്ഷയും പരിഗണിക്കും. കസ്റ്റഡിയിൽ കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 

Tags:    
News Summary - Safe and Strong Fraud: Further investigation into Praveen Rana's benami transactions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.