കൊല്ലം: ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ തിരുവാഭരണം മുൻ കമീഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. അതേസമയം, ദ്വാരപാലക ശിൽപത്തിലെ സ്വർണം അപഹരിച്ചെന്ന കേസിൽ ബൈജുവിനെ ശനിയാഴ്ച വൈകിട്ട് നാല് വരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിടുകയും ചെയ്തു.
ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം പൊലീസ് ക്ലബ്ബിൽ ബൈജുവിനെ ചോദ്യം ചെയ്തു. വൈകിട്ട് നാലിന് തിരികെ കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തെ ജയിലിലേക്ക് കൊണ്ടുപോയി.
തന്ത്രിയുടെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് സ്വർണം കടത്തിയതെന്ന മുൻ ദേവസ്വം പ്രസിഡന്‍റ് പത്മകുമാർ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യൽ. എന്നാൽ, ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് സ്വർണം കൊണ്ടുപോയതെന്നായിരുന്നു ബൈജുവിന്റെ ആദ്യ മൊഴി. ഇതിൽ വ്യക്തത വരുത്താനും കേസിൽ ബൈജുവിന്റെ പങ്ക് എത്രയെന്നു ഉറപ്പിക്കാനുമാണ് എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങിയത്.
സ്വർണത്തിന്റെ കൈവശക്കാരൻ എന്ന നിലയിൽ ജാഗ്രത കാട്ടിയില്ല, 2019ൽ ദ്വാരപാലക ശിൽപങ്ങൾ കൊടുത്തുവിടുന്ന സമയത്തെ വിവാദ ഉത്തരവിൽ ഒപ്പിട്ടു തുടങ്ങിയവയാണ് ബൈജുവിന് എതിരായ കുറ്റങ്ങൾ. ശനിയാഴ്ച സമർപ്പിച്ച പത്മകുമാറിന്റെ ജാമ്യ ഹരജി ഡിംസബർ രണ്ടിന് പരിഗണിക്കും.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിന്റെ ജാമ്യ ഹരജിയിൽ ഡിസംബർ മൂന്നിന് വിധി പറയും. ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ് കുമാർ സമർപ്പിച്ച ജാമ്യ ഹരജിയും മൂന്നിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.