പ്രതി ജറിൻ രാജു, തുളസി
കായംകുളം: ആഡംബര ജീവിതത്തിനായി സുഹൃത്തുക്കളുടെ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് ഉത്തരവായി. കറ്റാനം വെട്ടികോട് മുകളയ്യത്ത് പടീറ്റതിൽ ജെറിൻ രാജുവിനെയാണ് (26) ശിക്ഷിച്ചത്. താമരക്കുളം കണ്ണാനാകുഴി മാങ്കുട്ടത്തിൽ വടക്കതിൽ സുധാകരന്റെ ഭാര്യ തുളസിയെ (48) കൊലപ്പെടുത്തിയ സംഭവത്തിലാണ് നടപടി. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്.
2018 സെപ്റ്റംബറിൽ മോഷണശ്രമത്തിനിടെയായിരുന്നു സംഭവം. തുളസിയുടെ മക്കളുടെ സുഹൃത്ത് എന്ന നിലയിൽ പ്രതി ജെറിന് കൊല്ലപ്പെട്ട തുളസിയുടെ വീടുമായി സൗഹൃദമുണ്ടായിരുന്നു. ഇവരുടെ കിടപ്പുമുറിയിൽ പഴ്സിനുള്ളിൽ സൂക്ഷിച്ചിരുന്ന 10,800 രൂപ കവർച്ച ചെയ്തത് തുളസി തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നായിരുന്നു കേസ്. കൊലക്കുറ്റം, ഭവനഭേദനം, കവർച്ച, തെളിവു നശിപ്പിക്കൽ എന്നിവയാണ് പ്രതിക്കുമേൽ ചുമത്തിയ കുറ്റങ്ങൾ.
പിഴതുക കൊല്ലപ്പെട്ട തുളസിയുടെ ഭർത്താവിനും മക്കൾക്കും തുല്യമായി നൽകാനും ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. സന്തോഷ് കുമാർ ഹാജരായി. തുളസിയുടെ സഹോദരൻ വിജയൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വള്ളികുന്നം എസ്.ഐയായിരുന്ന എം.സി. അഭിലാഷ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ എസ്.ഐ ഡോ. അനീഷാണ് കുറ്റപത്രം സമർപ്പിച്ചത്.62 സാക്ഷികളെ വിസ്തരിച്ച കേസിൽ 17 തൊണ്ടിമുതലുകൾ, 65 രേഖകൾ എന്നിവ ഹാജരാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.