സജു ജോസ്

യുവാവിന്‍റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

തിരുവല്ല: വിദേശ മലയാളി നൽകിയ ക്വട്ടേഷൻ പ്രകാരം കവിയൂർ സ്വദേശിയായ യുവാവിന്‍റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പന്തളം കടക്കാട് വലിയവിള കിഴക്കേതിൽ സജു ജോസ് (29) ആണ് പന്തളം കുളനടയിൽ നിന്നും തിരുവല്ല പൊലീസിന്‍റെ പിടിയിലായത്.

കവിയൂർ പഴംമ്പള്ളി തുണ്ട് പറമ്പിൽ വീട്ടിൽ മനീഷ് വർഗീസിനെയാണ് ഇയാളുടെ നിർദേശപ്രകാരമുള്ള സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 12നാണ് സംഭവം. സംഘം ബൈക്കിൽ എത്തിയ മനീഷിന്‍റെ മുഖത്ത് പഴംപള്ളി ജംഗ്ഷന് സമീപത്തുവെച്ച് മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വിദേശ മലയാളിയായ കവിയൂർ തെക്കേ മാകാട്ടിൽ വീട്ടിൽ അനീഷ് നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടത്താൻ മറ്റൊരു സംഘത്തെ നിയോഗിച്ച പ്രതിയാണ് പിടിയിലായ സജു ജോസ്.

ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടപ്പിലാക്കിയ മുഖ്യപ്രതി മാവേലിക്കര നൂറനാട് പടനിലം അരുൺ നിവാസിൽ അക്കു എന്ന് വിളിക്കുന്ന അനിൽ കുമാർ (30), കാർത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന ജി. യദു കൃഷ്ണൻ (26), വിയപുരം കാരിച്ചാൽ കൊച്ചിക്കാട്ടിൽ വീട്ടിൽ കെ.ഡി സതീഷ് കുമാർ (43), അമ്പലപ്പുഴ കരുമാടി സംഗീത മന്ദിരത്തിൽ റോയി എന്ന് വിളിക്കുന്ന ഷമീർ ഇസ്മയിൽ (32), വിദേശ മലയാളിയായ അനീഷിന് സജുവിനെ പരിചയപ്പെടുത്തി നൽകിയ തുകലശ്ശേരി സ്വദേശി അഭിലാഷ് മോഹനൻ എന്നിവർ കേസിൽ നേരത്തെ പിടിയിലായിരുന്നു.

മനേഷ് വർഗീസ് അടങ്ങുന്ന നാലംഗ സംഘം രണ്ടു വർഷം മുമ്പ് കവിയൂരിൽ വച്ച് കേസിൽ ക്വട്ടേഷൻ നൽകിയ കവിയൂർ സ്വദേശിയായ വിദേശ മലയാളിയായ അനീഷിനെ ആക്രമിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യം തീർക്കുന്നതിനായാണ് അനീഷ് സജു ജോസിന് ക്വട്ടേഷൻ നൽകിയത്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയ്ക്ക് നേരെ ഉണ്ടായ കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താൻ എന്ന 60കാരൻ കൊലചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് പിടിയിലായ സജു ജോസ്. പെൺകുട്ടിയെ ആക്രമിച്ചതടക്കം സജു ജോസിനെതിരെ പന്തളം പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.