സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞ് പൊലീസുകാരനിൽ നിന്ന് പണം തട്ടിയ കേസ്; എസ്.ഐക്ക് സസ്പെൻഷൻ

കൊച്ചി: പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല്​ ലക്ഷം തട്ടിയെടുത്തെന്ന കേസിൽ ഗ്രേഡ്​ എസ്​.ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ കെ.കെ. ബൈജുവി (53)നെതിരെയാണ് നടപടി. ഇയാളെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ എ.സി.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ ബൈജുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ടാം പ്രതിയും സ്പാ നടത്തിപ്പുകാരനുമായ കൊച്ചി സ്വദേശി ഷിഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസുകാരനില്‍ നിന്ന് കൈവശപ്പെടുത്തിയ നാല് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ തനിക്ക് ലഭിച്ചതായി ഇയാള്‍ സമ്മതിച്ചു. മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി രമ്യയും ഒളിവിലാണ്.

സ്പായില്‍ പോയ വിവരം ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞാണ് പ്രതികൾ കൊച്ചി സിറ്റി ഡി.എച്ച്ക്യുവിലെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവം വിവാദമാകുകയും കേസ് എടുക്കുകയും ചെയ്തതോടെ എസ്‌.ഐയും സ്പാ ജീവനക്കാരിയും മുങ്ങി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലഭിച്ച തുകയില്‍ രണ്ട് ലക്ഷം രൂപ എസ്‌.ഐ കൈവശപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്​.

സെപ്​റ്റംബറിലാണ് സംഭവമുണ്ടായത്. സ്പായില്‍ പോയി വന്ന പൊലീസുകാരനെ അവിടുത്തെ ജീവനക്കാരി രമ്യ ഫോണില്‍ വിളിച്ച് തന്റെ മാല മോഷണം പോയെന്നും ആറര ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. മാല എടുത്തിട്ടില്ലെന്ന് പൊലീസുകാരന്‍ പറഞ്ഞതോടെ രമ്യ പാലാരിവട്ടം സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിനിടെ രണ്ടാം പ്രതി ഷിഹാം പൊലീസുകാരനെ ഫോണില്‍ വിളിക്കുകയും സ്പായില്‍ വന്നതും മാല മോഷ്ടിച്ചതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി.

സംഭവമറിഞ്ഞ എസ്‌.ഐ ബൈജു വിഷയത്തിലിടപെട്ട് നാല് ലക്ഷം രൂപ കൊടുത്ത് കേസ് ഒതുക്കിത്തീര്‍ക്കുകയുമായിരുന്നു. ഈ വിവരം സ്‌പെഷല്‍ ബ്രാഞ്ച് അറിഞ്ഞതോടെയാണ് പൊലീസുകാരന്റെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്.

Tags:    
News Summary - Policeman who went to spa was robbed of money; SI suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.