പെൺകുട്ടിയുടെ അമ്മ അനീഷിനെ വിളിച്ചു; പേട്ട കൊലപാതകത്തിൽ പുതിയ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം പേട്ടയിൽ പുലർച്ചെ പെൺകുട്ടിയെ കാണാനെത്തിയ 19 കാരനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്ന കേസിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നു. കൊല്ലപ്പെട്ട യുവാവിന്‍റെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മ വിളിച്ചതായാണ് ഫോൺ രേഖകൾ.
കൊല്ലപ്പെട്ട അനീഷിന്‍റെ പിതാവിന്‍റെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പുലർച്ചെ 3.30 ഒാടെയാണ് പേട്ട സ്വദേശി അനീഷ് ജോർജ് അയൽവീട്ടിൽ കൊല്ലപ്പെടുന്നത്. അനീഷിനെ കുത്തിയ ഗൃഹനാഥൻ ലാലു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. മകളെ കാണാനെത്തിയയാളെ കള്ളനെന്ന് കരുതി കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് ലാലു പറഞ്ഞത്.
എന്നാൽ, കൊല്ലപ്പെടുന്നതിന്‍റെമുമ്പായി, 3.20 ന് അനീഷിന്‍റെ ഫോണിലേക്ക് പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് വിളിച്ചിട്ടുണ്ട്. അനീഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അനീഷിന്‍റെ പിതാവ് ആരോപിച്ചിരുന്നത്.
ശേഷം, പുലർച്ചെ 4.30 ന് അനീഷിന്‍റെ ഫോണിലേക്ക് അനീഷിന്‍റെ അമ്മ വിളിക്കുന്നുണ്ട്. അപ്പോൾ ഫോണെടുത്തത് പെൺകുട്ടിയുടെ അമ്മയാണ്. അനീഷിനെ അന്വേഷിച്ചപ്പോൾ പൊലീസിനോട് ചോദിക്കണമെന്നാണ് അവർ മറുപടി പറഞ്ഞതെന്ന് അനീഷിന്‍റെ കുടുംബം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.