തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പരിശീലകന് 16 വർഷം കഠിനതടവ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ കോച്ചായിരുന്ന, തിരുവനന്തപുരം സ്വദേശി മനുവിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ 24,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.
2021ലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. തിരുവനന്തപുരത്തെ ക്രിക്കറ്റ് കോച്ചിങ് സെന്ററിൽ പരിശീലനത്തിനെത്തിയ പെൺകുട്ടിയെ, പ്രതി ജിമ്മിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന്, നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി അയച്ചുനൽകാൻ ആവശ്യപ്പെട്ട് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതിയുടെ ഭീഷണി ഭയന്ന പെൺകുട്ടി കോച്ചിങ് സെന്റർ മാറി മറ്റൊരു കേന്ദ്രത്തിലേക്ക് മാറിയെങ്കിലും, വിവരം പുറത്തറിയുമോ എന്ന ഭീതിയിൽ ആരുമായും പങ്കുവെച്ചിരുന്നില്ല.
വർഷങ്ങൾക്കിപ്പുറം 2024ൽ മറ്റൊരു ജില്ലയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് പ്രതിയെ പെൺകുട്ടി യാദൃശ്ചികമായി വീണ്ടും കാണുന്നത്. പ്രതിയെ കണ്ടതോടെ പകച്ചുപോയ കുട്ടി, സംഭവസ്ഥലത്തുവെച്ച് തന്നെ ബഹളം വെച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതിനുപിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ഈ സംഭവത്തിന് പിന്നാലെ, ഇതേ കോച്ചിനെതിരെ മറ്റ് അഞ്ച് പെൺകുട്ടികൾ കൂടി പീഡന പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.