തിരുവനന്തപുരം: സുഹൃത്തിനെ ഹെൽമെറ്റ് കൊണ്ടടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ പിഴയും. കുന്നത്തുകാൽ ചെറിയകൊല്ല മലയിൻകാവ് മാവുവിള പുത്തൻവീട്ടിൽ മണിയനെയാണ് (49) തിരുവനന്തപുരം അഡീ. ജില്ല സെഷൻസ് കോടതി ജഡ്‌ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കഠിനതടവും അനുഭവിക്കണം.
ഇതിനുപുറമെ ഈ കേസിലെ ഒന്നാംസാക്ഷി നന്ദകുമാറിനെ പ്രതി ഹെൽമറ്റ് ഉപയോഗിച്ച് അടിച്ചതിന് ഒരുവർഷം കഠിന തടവിനും 5000 രൂപ പിഴക്കും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം ഒരുമാസം കഠിനതടവും അനുഭവിക്കണം. ശിക്ഷകൾ എല്ലാം ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നും പ്രതി നിലവിൽ ജയിലിൽ കിടന്ന കാലാവധി ശിക്ഷയിൽനിന്ന് കുറച്ചുകൊടുക്കാനും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
2023 ജൂൺ മൂന്നിന് രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ശാന്തകുമാറിന്‍റെ സഹോദരൻ നന്ദകുമാറിനെ മലയിൻകാവ് വർക്ക്ഷോപ്പിന് സമീപം പ്രതി ഹെൽമെറ്റ് കൊണ്ട് മുഖത്തടിച്ചതിനെ ചോദ്യംചെയ്ത ശാന്തകുമാറിനെ അതേ ഹെൽമറ്റുപയോഗിച്ച് മണിയൻ തലക്കടിക്കുകയും ചവിട്ടി റോഡ് വക്കിലെ ഓടയിൽ തള്ളി ഇടുകയുമായിരുന്നു. ശാന്തകുമാറിനെ ആനപ്പാറ ഗവൺമെന്‍റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ തിരുവനന്തപുരം കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ജൂൺ എട്ടിന് ശാന്തകുമാർ മരിക്കുകയായിരുന്നു.
പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 31 രേഖകൾ എട്ട് തൊണ്ടി മുതലുകൾ എന്നിവ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.ആർ. ഷാജി, അഭിഭാഷകരായ വെമ്പായം എ. ഷമീർ, അസീം, നീരജ് ആർ.എസ്, ഉദയൻ പുനലൂർ, അഖില അജി, അർച്ചന ആർ തോമസ്, അനീറ്റ മേരി അലക്സ്, ഭാഗ്യലക്ഷ്‌മി എന്നിവർ ഹാജരായി. വെള്ളറട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാരായിരുന്ന എം.ആർ. മൃദുൽ കുമാറും, കെ. ധനപാലനും ആയിരുന്നു കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.