പ്രതീകാത്മക ചിത്രം
ബംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി വേഷം മാറിയെത്തി രോഗിയുടെ സ്വർണം കവർന്ന സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. നഴ്സായ ലക്ഷ്മിയാണ് അറസ്റ്റിലായത്.കാമുകൻ തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിനായി പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും യുവതി അശോക് നഗർ പൊലീസിനോട് പറഞ്ഞു.
യുവതിയുടെ കാമുകനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.ഡോക്ടറുടെ കോട്ടും മറ്റും ധരിച്ചെത്തിയ 35 കാരി ഒന്നാം നിലയിലെ വാർഡിൽ നിന്ന് രോഗിയായ 72 കാരി സാറയുടെ ആഭരണം കവരുകയായിരുന്നു. രോഗിയുടെ മകൻ രമേശ് കുമാറിനോട് റൂമിന് പുറത്തുനിൽക്കാൻ ആവശ്യപ്പെട്ട ശേഷം പത്തു മിനിറ്റിന് ശേഷം മുറിയിൽനിന്ന് തിരിച്ചുപോയി.
അൽപം കഴിഞ്ഞ് ഒരു നഴ്സ് വന്ന് രോഗിയുടെ രക്തസാമ്പ്ൾ പരിശോധനക്കായി എടുക്കേണ്ടതുണ്ടെന്ന് അറിയിച്ചപ്പോൾ ഡോക്ടർ വന്നുപോയതായി മകൻ അറിയിച്ചു.തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് രോഗിയുടെ അഞ്ചു ഗ്രാം വരുന്ന സ്വർണ വളയും 41 ഗ്രാം വരുന്ന സ്വർണമാലയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഇതേ ആശുപത്രിയിൽനിന്ന് 58 കാരിയായ കോമൾ എന്ന രോഗിയുടെ സ്വർണമാലയും നഷ്ടപ്പെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. ഡോക്ടറുടെ വേഷത്തിൽ യുവതി ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.