ഗുജറാത്ത്: രാജ്‌കോട്ട് ജില്ലയിൽ യുവാവ് ആത്മഹത്യ ചെയ്തുവെന്ന് കരുതിയ സംഭവം ഒടുവിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. 26കാരനായ മകൻ രാം ഭർവാദിന്റെ മരണത്തിൽ മാതാപിതാക്കളായ ബാബുഭായ് ബാംബ്‌വ, മനീഷാബെൻ ബാംബ്‌വ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 30-നാണ് രാം ഭർവാദ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
തുടക്കത്തിൽ ഇതൊരു ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം കഴുത്തുഞെരിച്ചതാണെന്ന് വ്യക്തമായതോടെ കേസ് വഴിത്തിരിവായി. തുടർന്ന് രാമിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
മകന്റെ മദ്യപാന ശീലത്തെച്ചൊല്ലി മാതാപിതാക്കളും രാമും തമ്മിൽ സ്ഥിരമായി തർക്കങ്ങൾ നടക്കാറുണ്ടായിരുന്നു. സംഭവദിവസവും മദ്യപാനത്തെ ചൊല്ലി വീട്ടിൽ വലിയ വഴക്കുണ്ടായി. ഈ തർക്കത്തിനിടെ മകനെക്കൊണ്ട് നിർബന്ധപൂർവ്വം ആസിഡ് കുടിപ്പിക്കുകയും, തുടർന്ന് കഴുത്തുഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് മാതാപിതാക്കൾ സമ്മതിച്ചു. കുറ്റകൃത്യത്തിന് ശേഷം മാതാപിതാക്കൾക്കെതിരെ കൊലപാതകം, ആസിഡ് ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.