കാസർകോട്: കാഞ്ഞങ്ങാട് പുലയനടുക്കത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സ്വർണ്ണമാല കവർന്നതായി പരാതി. നെല്ലിത്തറ പുലയനടുക്കം സ്വദേശിനി സിന്ധുവിന്റെ (43) മൂന്നു പവൻ തൂക്കമുള്ള മാലയാണ് രണ്ടുപേർ ചേർന്ന് കവർന്നത്. പ്രദേശത്ത് ഇതുവരെ ഇങ്ങനെയൊരു മോഷണം നടന്നിട്ടില്ലാത്തതിനാൽ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
ഇന്നലെ വൈകിട്ട് 5.40-ഓടെയാണ് സംഭവം നടന്നത്. മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണമാണ് നഷ്ടമായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സിന്ധു. സ്‌കൂട്ടറിൽ ഒറ്റയ്ക്കായിരുന്നു യാത്ര. സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്ന സിന്ധുവിനെ രണ്ടുപേർ മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നിരുന്നു.
വീട്ടിലേക്കുള്ള വഴിമധ്യേ പുലയനടുക്കത്ത് വെച്ചായിരുന്നു പ്രതികളുടെ ആക്രമണം. സിന്ധുവിന്റെ സ്‌കൂട്ടറിന് കുറുകെ പ്രതികൾ വാഹനം നിർത്തുകയും പ്രതികളിലൊരാൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത ശേഷം പ്രതികൾ സിന്ധുവിനെ തള്ളിയിട്ട് അവിടെനിന്ന് കടന്നുകളഞ്ഞു.
പ്രതികൾ മുഖം മറയ്ക്കുന്ന ഹെൽമെറ്റ് ധരിച്ചിരുന്നുവെന്ന് സിന്ധു പറയുന്നു. ആക്രമണം നടന്ന സ്ഥലത്ത് സി.സി.ടി.വികൾ ഉണ്ടായിരുന്നില്ല. ഈ സമയത്ത് റോഡ് വിജനമായിരുന്നുവെന്നും സിന്ധു പറയുന്നു. സിന്ധു നേരിട്ട് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതികൾ പോയ ദിശയിലെ സി.സി.ടി.വികൾ പരിശോധിച്ച് പ്രതിയെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ മറ്റു സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബി.എൻ.എസ് 304-ാം വകുപ്പ് അനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.