തട്ടിപ്പ് നടത്തിയ സംഘം (Photo: mid-day.com)

നല്ല നാടൻ നെയ്യ് കുറഞ്ഞ വിലയ്ക്ക്, പിന്നാലെ ‘നിധി കിട്ടിയ സ്വർണം’ വിറ്റു; ചുളുവിൽ ആറ് ലക്ഷം തട്ടി

മുംബൈ: വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് നല്ല ശുദ്ധമായ നാടൻ നെയ്യ് വീടുകളിൽ എത്തിച്ച് കൊടുത്ത് വിശ്വാസ്യത പിടിച്ചുപറ്റിയ വൃദ്ധസ്ത്രീകൾ വീട്ടുകാരെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി. നിധികിട്ടിയ സ്വർണം എന്ന് പറഞ്ഞ് വ്യാജ സ്വർണ ബിസ്കറ്റുകൾ നൽകി ത​െന്റ ആറുലക്ഷം രൂപ തട്ടിയെടുത്തുവെന്ന മീനാദേവി ചൗഹാന്റെ (56) പരാതിയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. നിരവധി പേരെ ഇവർ പറ്റിച്ചതായാണ് പൊലീസ് കരുതുന്നത്. ഇതേകുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മുംബൈയിലെ ഫ്ലാറ്റുകളിലും മറ്റും നാടൻ നെയ്യ്, തൈര്, മോര് എന്നിവ വിൽക്കുന്നവരായി വേഷം കെട്ടിയ 60 നും 75 നും ഇടയിൽ പ്രായമുള്ള വൃദ്ധ സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്. കാണ്ടിവ്‌ലി വെസ്റ്റ് ചാർകോപ്പിലെ മീനാ ദേവിക്ക് വ്യാജ സ്വർണ്ണം നൽകി പ്രലോഭിപ്പിച്ച് 6 ലക്ഷം രൂപ ഇവർ തട്ടിയെടുത്തു.

കുറഞ്ഞ വിലയ്ക്ക് പാലുൽപന്നങ്ങൾ നൽകി പ്രതികൾ വീട്ടമ്മമാരുടെ വിശ്വാസം നേടിയെടുക്കും. സൗഹൃദബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ, സ്വന്തം ഗ്രാമത്തിലെ വയലുകളിൽ ഖനനത്തിനിടെ സ്വർണ്ണം കണ്ടെത്തിയെന്നും തുച്ഛമായ വിലക്ക് തരാമെന്നും വാഗ്ദാനം നൽകും. ഇരകളെ ബോധ്യപ്പെടുത്താൻ, അവർ ആദ്യം യഥാർത്ഥ സ്വർണ്ണത്തിന്റെ ഒരു ചെറിയ സാമ്പിൾ നൽകും.


മീനാദേവി ചൗഹാന് ആദ്യം ഒരു ഗ്രാം സ്വർണ്ണ നാണയം നൽകി. അത് ജ്വല്ലറിയിൽ കൊടുത്തപ്പോൾ യഥാർത്ഥ സ്വർണമാണെന്ന് സ്ഥിരീകരിച്ചു. ഇതിലൂടെ വിശ്വാസ്യത നേടിയ തട്ടിപ്പുകാർ പിന്നീട് നേർത്ത ബിസ്‌ക്കറ്റുകളുടെ രൂപത്തിൽ അര കിലോഗ്രാം സ്വർണ്ണം തരാമെന്ന് പറഞ്ഞ് 6 ലക്ഷം രൂപ വാങ്ങി. എന്നാൽ പരിശോധനയിൽ ഇവ പിച്ചളയും ചെമ്പും കൊണ്ടാണ് നിർമ്മിച്ചതെന്ന് കണ്ടെത്തി. താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ മീനാദേവി ചാർകോപ്പ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുയായിരുന്നു. പ്രതികളെ കണ്ടെത്താൻ ചാർകോപ്പ്, പാൽഘർ പൊലീസ് സംഘങ്ങൾ തിരച്ചിൽ ആരംഭിച്ചു.

ഇവർ വിൽപന നടത്തിയ നെയ്യിന്റെ ഗുണനിലവാരം വളരെ മികച്ചതായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. അത് വിൽക്കാൻ അവർ പതിവായി വീട്ടിൽ എത്തുമായിരുന്നു. അഞ്ച് മാസത്തിനിടെ പരാതിക്കാരി അവരിൽ നിന്ന് ഏകദേശം അഞ്ച് കിലോഗ്രാം നെയ്യ് വാങ്ങി. പാൽഘറിൽ കുറേ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അവിടെ കുഴിയെടുക്കുമ്പോൾ അഞ്ച് കിലോഗ്രാം സ്വർണ്ണം കണ്ടെത്തിയതായും ജൂൺ18ന് തട്ടിപ്പുകാർ പറഞ്ഞു. അധികാരികൾ അറിഞ്ഞാൽ മുഴുവൻ നിധിയും സർക്കാർ പിടിച്ചെടുക്കുന്നതിനാൽ സ്വർണ്ണപ്പണിക്കാർക്കോ വൻകിട വ്യാപാരികൾക്കോ നേരിട്ട് ഇവ വിൽക്കാൻ കഴിയില്ലെന്നും കുറഞ്ഞ വിലക്ക് വേണമെങ്കിൽ നിങ്ങൾക്ക് തരാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.

ജൂൺ 23ന് അവർ വീണ്ടും വന്ന് 250 ഗ്രാം സ്വർണ്ണം 6 ലക്ഷം രൂപക്ക് വിൽക്കാമെന്ന് വാഗ്ദാനം ചെയ്തു. ജൂൺ 24ന്, വിശ്വാസം നേടാൻ ഒരു ഗ്രാം സ്വർണ നാണയം നൽകി. പരാതിക്കാരി അത് ഒരു സ്വർണ്ണപ്പണിക്കാരന് 10,000 രൂപയ്ക്ക് വിറ്റു, പിന്നീട് തുക അവർക്ക് തിരികെ നൽകി. ജൂലൈ 18 ന്, ആറുലക്ഷം രൂപ നൽകി സ്വർണ്ണ ബിസ്കറ്റുകൾ വാങ്ങി. അതേ ദിവസം തന്നെ, ഇത് പരാതിക്കാരി ജ്വല്ലറിക്ക് നൽകിയപ്പോൾ വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു.

"ആദ്യം എനിക്ക് നൽകിയ സ്വർണ്ണ സാമ്പിളും പിന്നീട് കൈമാറിയ വ്യാജ സ്വർണ്ണവും ഒരുപോലെയായിരുന്നു. അതുകൊണ്ടാണ് രണ്ടാമത്തേത് യഥാർത്ഥമാണെന്ന് ഞാൻ വിശ്വസിച്ചത്. ഈ രീതിയിൽ ഞാൻ വഞ്ചിക്കപ്പെടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ആ സ്ത്രീകളെ പിടികൂടുമെന്നും എന്റെ പണം തിരിച്ചുപിടിക്കുമെന്നും ദൈവത്തിലും പൊലീസിലും എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്’ -പരാതിക്കാരി മീനാദേവി ചൗഹാൻ പറഞ്ഞു. 

Tags:    
News Summary - old age gang cheats Mumbai homemakers by selling fake gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.