തിരിച്ചറിയാതിരിക്കാൻ ബുർഖ ധരിച്ച് വീട്ടിൽ കടന്നു; കൗമാരക്കാരിയെ കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി -ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: താമസിക്കുന്ന ഫ്ലാറ്റിന്റെ അഞ്ചാംനിലയിൽ താഴേക്ക് തള്ളിയിട്ട് 19 വയസുള്ള പെൺകുട്ടിയെ ​കൊലപ്പെടുത്തിയ കുറ്റത്തിന് 26കാരനെ അറസ്റ്റ് ചെയ്തു. വടക്കുകിഴക്കൻ ഡൽഹിയിലെ അശോക് നഗറിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ റാംപൂർ സ്വദേശിയായ തൗഫീഖ് ആണ് പ്രതി. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പൊലീസ് തന്ത്രപൂർവം കുരുക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 8.30ഓടെ ജ്യോതി നഗർ പൊലീസ് സ്റ്റേഷനിലാണ് സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. താമസിച്ചിരുന്ന വീടിന്റെ മുകൽ നിലയിൽ നിന്ന് താഴെ വീണ് നേഹ എന്ന പെൺകുട്ടിക്ക് ഗുരുതര പരിക്ക് പറ്റി എന്നായിരുന്നു പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. നേഹയെ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

നേഹയുടെ വീട്ടിൽ അതിക്രമിച്ചുകയറിയ തൗഫീഖ് പെൺകുട്ടിയെ താഴേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പിന്നീട് മനസിലായി.

തിരിച്ചറിയാതിരിക്കാൻ ബുർഖ ധരിച്ചാണ് തൗഫീഖ് വീടിനുള്ളിൽ കയറിയത്. ഇക്കാര്യം ചോദ്യം ചെയ്യലിൽ തൗഫീഖ് സമ്മതിച്ചിരുന്നു.

ബുർഖ ധരിച്ച് ഒരാൾ രാത്രിയിൽ അപാർട്മെന്റിലെത്തുന്നതും കുറച്ചു കഴിഞ്ഞ് തിരിച്ചുപോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുമുണ്ട്.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

തൗഫീഖും നേഹയും തമ്മിൽ മാസങ്ങളായി റിലേഷൻഷിപ്പിലായിരുന്നു. തൗഫീഖ് മറ്റൊരു സ്‍ത്രീയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് മനസിലാക്കിയ നേഹ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. തൗഫീഖി​ന്റെ കുടുംബമായിരുന്നു വിവാഹലോചനക്ക് പിറകിൽ. തുടർന്ന് ഇരുവരും തമ്മിൽ വഴക്കിട്ടു. വഴക്കിനിടെയാണ് തൗഫീഖ് നേഹയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിട്ടത്.

എന്നാൽ ഇക്കാര്യത്തിൽ നേഹയുടെ വീട്ടുകാർ പറയുന്നത് മറ്റൊന്നാണ്. നേഹയും തൗഫീഖും തമ്മിൽ പ്രണയമുണ്ടായിരുന്നില്ലെന്നും സഹോദരബന്ധമായിരുന്നുമാണ് വീട്ടുകാരുടെ മൊഴി. നേഹ പതിവായി തൗഫീഖിന്റെ കൈയിൽ രാഖി കെട്ടിയിരുന്നുവെന്നും വീട്ടുകാർ അവകാശപ്പെടുന്നു. മൂന്നുവർഷമായി തങ്ങൾക്ക് തൗഫീഖിനെ അറിയാമെന്നും ഇടക്കിടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും നേഹയുടെ കുടുംബം പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Man wearing Burqa enters Delhi teen's home, pushes her from 5th floor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.