ശ്രീപ്രിയയും ബാലമുരുകനും
കോയമ്പത്തൂർ: കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിൽ വെച്ച് വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കൊലപാതകത്തിനുശേഷം മൃതദേഹത്തിനടുത്തിരുന്ന് സെൽഫിയെടുത്ത് ‘വഞ്ചനക്കുള്ള പ്രതിഫലം മരണം’ എന്ന അടികുറിപ്പോടെ ഫോട്ടോ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കി പോസ്റ്റ് ചെയ്തു. തിരുനെൽവേലി സ്വദേശിയായ ശ്രീപ്രിയ(30)യാണ് കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിൽ വെച്ച് കൊല്ലപ്പെട്ടത്.
കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ശ്രീപ്രിയ കുറച്ചു നാളായി ഭർത്താവ് ബാലമുരുകനുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ശ്രീപ്രിയ താമസിക്കുന്ന ഹോസ്റ്റലിലേക്ക് വന്ന ബാലമുരുകൻ വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് പ്രകോപിതനായ ബാലമുരുകൻ ശ്രീപ്രിയയെ ആക്രമിക്കുകയും പിന്നീട് വസ്ത്രത്തിൽ ഒളിപ്പിച്ചിരുന്ന അരിവാൾ കൊണ്ട് ശ്രീപ്രിയയെ തുടരെ വെട്ടുകയുമായിരുന്നു.
ബാലമുരുകൻ ശ്രീപ്രിയയെ ആക്രമിക്കുന്നത് കണ്ട് ഭയന്ന ഹോസ്റ്റൽ അന്തേവാസികൾ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാൽ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുന്നതിന് പകരം ബാലമുരുകൻ പൊലീസ് വരുന്നതു വരെ മൃതദേഹത്തിന് അടുത്തിരിക്കുകയും സെൽഫി എടുത്ത് വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആക്കി വെക്കുകയും ചെയ്തു.
ശ്രീപ്രിയ തന്നെ വഞ്ചിച്ചതായും മരണം അതിനുള്ള പ്രതിഫലമാണെന്നും ബാലമുരുകൻ ആരോപിച്ചു. ശ്രീപ്രിയക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ബാലമുരുകൻ സംശയിച്ചിരുന്നു. ഇതാണ് ശ്രീപ്രിയയെ കൊലപ്പെടുത്താൽ കാരണമെന്നും പ്രാഥമികാന്വേഷണത്തിൽ പൊലീസ് പറഞ്ഞു. ഇവർക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്. യുവതിയെ വെട്ടാൻ ഉപയോഗിച്ച കത്തി പൊലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിനയച്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.