അറസ്റ്റിലായ പ്രതികൾ
650 കിലോയിലധികം ഒട്ടുപാൽ മോഷ്ടിച്ചു; മൂന്നുപേർ അറസ്റ്റിൽ
പാലാ: പാലാ-രാമപുരം റോഡിൽ പയപ്പാറിൽ ക്ഷേത്രത്തിന് എതിർവശത്തെ റബർ തോട്ടത്തിൽനിന്ന് പട്ടാപ്പകൽ രണ്ടു തവണയായി 650 കിലോയിലധികം ഒട്ടുപാൽ മോഷണം പോയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ.
ഈരാറ്റുപേട്ട സ്വദേശികളായ മനാഫ് എന്ന കുഞ്ഞുമനാഫ് (37), എം.എം. സിറാജ് (36), ജിറ്റോ ജയിംസ് (31) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തോട്ടം പാട്ടത്തിനെടുത്ത പൂവരണി ഓടയ്ക്കൽ ഷിബുവാണ് പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു മാസം മുമ്പാണ് തോട്ടത്തിൽനിന്ന് ആദ്യമായി ഒട്ടുപാൽ മോഷണം പോയത്. തുടർന്ന് ഷിബു പൊലീസിൽ പരാതി നൽകുകയും മോഷണം തടയുന്നതിനായി തോട്ടത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നോടെ തോട്ടത്തിലെ ചെറിയ കെട്ടിടത്തിൽ ശേഖരിച്ചു വെച്ചിരുന്ന ഒട്ടുപാലാണ് വീണ്ടും മോഷണം പോയത്. സി.സി.ടി.വി കാമറയിൽ സംശയാസ്പദമായ നീക്കം പതിഞ്ഞതിനെ തുടർന്ന് അലാറം മുഴങ്ങി.
ഇത് പരിശോധിച്ച ഷിബു മോഷ്ടാക്കൾ ഒട്ടുപാൽ കടത്തിക്കൊണ്ടുപോകുന്നത് കാണുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതികൾ ഓട്ടോറിക്ഷയിൽ തോട്ടത്തിന് സമീപം എത്തുന്നതും തുടർന്ന് തോട്ടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതും വ്യക്തമായി പതിഞ്ഞിരുന്നു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചു. ദൃശ്യങ്ങളിൽ പതിഞ്ഞ വാഹനവും പ്രതികളുടെ നീക്കങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
സമാന മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ സാന്നിധ്യവും ഇവരുടെ നീക്കങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രദേശത്ത് പട്ടാപ്പകൽ റബർ തോട്ടങ്ങളിൽനിന്ന് ഒട്ടുപാൽ മോഷണം പോകുന്നത് കർഷകരിലും തോട്ടം ഉടമകളിലും ആശങ്ക സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.