വീരമണി പോക്സോ കേസ്; പരാതിയിൽ നടപടിയെടുക്കാതിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പദവി റദ്ദാക്കി തമിഴ്നാട് സർക്കാർ
ചെന്നൈ: പ്രമുഖ ഗ്രാനൈറ്റ് ബിസിനസുകാരനും ജെം ഗ്രാനൈറ്റ്സിന്റെ സ്ഥാപകനുമായ വീരമണി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് തിരിച്ചടി. പോക്സോ പരാതികളിൽ കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് തമിഴ്നാട് സർക്കാർ അവരുടെ നിലവിലെ പദവികളിൽ നിന്നും നീക്കം ചെയ്തത്. മുൻ ചെന്നൈ പൊലീസ് കമ്മീഷണർ എ. അരുൺ, അഡീഷണൽ കമ്മീഷണർ എൻ. കണ്ണൻ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ പൊലീസ് അക്കാദമി എ.ഡി.ജി.പിയായി സേവനമനുഷ്ഠിച്ചിരുന്ന അരുണിനെയും കോയമ്പത്തൂർ പൊലീസ് കമ്മീഷണറായിരുന്ന കണ്ണനെയും പുതിയ പദവികളൊന്നും നൽകാതെയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ എൺപതുകാരനായ വീരമണിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു എൻ.ജി.ഒ ഓഫീസിൽ അജ്ഞാതൻ നിക്ഷേപിച്ച കത്തും ഡിജിറ്റൽ തെളിവുകളടങ്ങിയ പെൻഡ്രൈവുമാണ് ഈ കേസന്വേഷണത്തിന് തുടക്കമിട്ടത്. 2019-ൽ ചിത്രീകരിച്ചതെന്നു കരുതുന്ന വീരമണിയോട് സാദൃശ്യമുള്ളയാൾ പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഇതിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീരമണിയെയും ശാന്തി എന്ന സ്ത്രീയെയുമാണ് പൊലീസ് ചോദ്യം ചെയ്തതെങ്കിലും ഇവർ കുറ്റം നിഷേധിക്കുകയും വിഡിയോയിലുള്ളത് വീരമണിയല്ലെന്ന് വാദിക്കുകയും ചെയ്തു. കാര്യമായ തെളിവുകളില്ലെന്ന് കാണിച്ച് ഈ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ഫെബ്രുവരിയിൽ കോടതിക്ക് റിപ്പോർട്ട് നൽകിയതെങ്കിലും ജൂലൈയിൽ കോടതി ഈ റിപ്പോർട്ട് തള്ളുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
കോടതി ഇടപെടലിനെത്തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് വീരമണിയെയും കൂട്ടുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടയിലാണ് തമിഴ്നാട് കോൺഗ്രസ് നേതാവായ രഞ്ജൻ കുമാർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2024 നവംബറിൽ തന്നെ താൻ ഈ ലൈംഗികാതിക്രമത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകിയിരുന്നുവെന്നും അന്നത്തെ അഡീഷണൽ കമ്മീഷണർ എൻ. കണ്ണന് നേരിട്ട് പരാതി കൈമാറിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മീഷണർ എ. അരുണിനെ വിവരമറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെങ്കിലും പിന്നീട് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ പൊലീസ് തയാറായില്ല. വീരമണിയുടെ വീട്ടിൽ റെയ്ഡ് നടത്തണമെന്നും ചോദ്യം ചെയ്യണമെന്നും താൻ ആവശ്യപ്പെട്ടിട്ടും പൊലീസ് കാര്യമായ അന്വേഷണം നടത്താതെ ഒത്തുകളിക്കുകയായിരുന്നുവെന്നും രഞ്ജൻ കുമാർ ആരോപിച്ചു.
ഈ വെളിപ്പെടുത്തൽ തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ജനരോക്ഷത്തിനും കാരണമായി. ഇതേതുടർന്നാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തിയത്. തുടക്കത്തിൽ തന്നെ കൃത്യമായ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ നിരവധി കുട്ടികളെ പീഡനങ്ങളിൽ നിന്നും രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും സ്ഥാനത്തുനിന്ന് മാറ്റി നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.