യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി: എസ്.ഐയടക്കം മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: പോക്‌സോ കേസ് പ്രതിയെ തേടിയെത്തിയ പൊലിസ് പ്രതിയുടെ സഹോദരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കാസര്‍കോട് ബേക്കല്‍ പൊലീസ് പ്രിന്‍സിപ്പല്‍ എസ്.ഐയടക്കം മൂന്നു പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.പി ശരത്, ശാസ്താംകോട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആര്‍. ശ്രീകുമാര്‍, സി.പി.ഒ വിപിന്‍ കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.ഒരുവര്‍ഷം മുമ്പ് ഉണ്ടായ പോക്‌സുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ 21കാരനെ തേടിയാണ് പൊലിസ് അടൂരിലെ വീട്ടിലെത്തിയത്. പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ, മൂത്ത സഹോദരനെ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. മണിക്കൂറുകളോളം യുവാവിനെ ക്രൂരമായി മര്‍ദിച്ചതായും ജനനേന്ദ്രിയം ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ പരുക്കേല്‍പ്പിച്ചതായും മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

പത്തനംതിട്ട എസ്.പിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശാസ്താംകോട്ട എസ്.ഐയായിരുന്ന കെ.പി ശരത് ഒരുമാസം മുമ്പാണ് ബേക്കല്‍ എസ്.ഐയായി നിയമിതനായത്.

Tags:    
News Summary - 3 Cops, Including SI, Suspended for Abducting and Torturing POCSO Accused's Brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.