പ്രദേശവാസി തീയിട്ടതിനെ തുടർന്ന് പൂർണമായും കത്തിനശിച്ച സജീനയുടെ വീട്
അതിക്രമിച്ചു കയറി ഉപദ്രവിച്ചു, വീടിന് തീയിട്ടു; കൊല്ലത്ത് വീട്ടമ്മയോട് അയൽവാസിയുടെ ക്രൂരത
കൊട്ടിയം : വീടിനുള്ളിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിക്കുകയും വീട് തീകൊളുത്തുകയും ചെയ്തതിനെ തുടർന്ന് നിർധന കുടുംബം തെരുവിലായി. കണ്ണനല്ലൂർ ചേരികോണത്തെ പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി താമസിച്ചു വരികയായിരുന്ന സജീനയുടെ വീടിനാണ് പ്രദേശവാസി തീയിട്ടത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മകൾ മാത്രമുള്ള സമയത്ത് പരിസരവാസിയായ അബിൻവാവ വീടിനുള്ളിൽ അതിക്രമിച്ചു കയറി മകളെ ഉപദ്രവിക്കുകയായിരുന്നു. മകൾ നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങിയോടിയപ്പോൾ വീടിന് തീയിടുകയായിരുന്നു. ചുടുകട്ട കൊണ്ട് നിർമ്മിച്ച് ഷീറ്റ് ഇട്ട വീട് കത്തിനശിച്ചു. നാട്ടുകാർ ഓടികൂടി തീയണക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല.
തുടർന്ന് കുണ്ടറയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും അപ്പോഴേക്കും വീട് പൂർണ്ണമായും കത്തി നശിച്ചിരുന്നു. വീട്ടുപകരണങ്ങളും കുടുംബാംഗങ്ങളുടെ ഉടുതുണികളും പഠനോപകരണങ്ങളും ഉൾപ്പടെ സമ്പാദ്യം മുഴുവൻ പൂർണമായും കത്തി നശിച്ചു. ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തെ ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ് ഈ കുടുംബം.
സജീനയും മകളും അവരുടെ മൂന്ന് മക്കളും അടങ്ങിയതാണ് കുടുംബം. മകളുടെ ഭർത്താവ് നേരത്തേ മരിച്ചു പോയി. മൂന്ന് മക്കളും സ്കൂളുകളിൽ പഠിക്കുകയാണ്. ഇവർക്ക് ബുക്കും യൂണിഫോമും ഉള്ളപ്പടെയുള്ളവ പുതിയതായി വാങ്ങേണ്ട അവസ്ഥയാണ്. കണ്ണനല്ലൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.