അയൽവാസിയായ സ്ത്രീക്കുനേരെ യുവാവ് വെടിയുതിർത്തു; തർക്കം കുതിരാലയത്തിന്റെ പേരിൽ
കോഴിക്കോട്: വെള്ളയിൽ അയൽവാസിയായ സ്ത്രീക്കുനേരെ യുവാവ് വെടിയുതിർത്തു. വെള്ളയിൽ സ്വദേശി ഷിംജിത്ത് (40) ആണ് അയൽവാസിയായ ചെട്ടിത്തോപ്പ് പറമ്പ് സ്വദേശിനി പുഷ്പലതയ്ക്ക് (59) നേരെ വെടിയുതിർത്തത്. ഞായറാഴ്ച രാവിലെ ബി.ജി. റോഡിന് അടുത്താണ് സംഭവം. എയർപിസ്റ്റളിന്റെ വെടിയേറ്റ പുഷ്പലതയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിംജിത്തിനെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും അതിർത്തിയിൽ ഷിംജിത്ത് സ്ഥാപിച്ച കുതിരാലയത്തെ സംബന്ധിച്ച തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ പുഷ്പലതയും ഷിംജിത്തുമായി തർക്കമുണ്ടാവുകയും ഷിംജിത്ത് തന്റെ കൈവശമുള്ള എയർപിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയുമായിരുന്നു. പുഷ്പലതയുടെ വയറിനാണ് വെടിയേറ്റത്.
ഷിംജിത്ത് വൃത്തിഹീനമായ വിധത്തിൽ തന്റെ വീടിന് മുൻവശത്തായും പുഷ്പലതയുടെ സ്ഥലത്തിന്റെ അതിർത്തിയോട് ചേർന്നും കുതിരാലയം കെട്ടി രണ്ട് കുതിരകളെ വളർത്തിവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. മാത്രമല്ല, ഷിംജിത്ത് മറ്റ് അയൽവാസികളുമായി നിരന്തരം തർക്കത്തിൽ ഏർപ്പെടാറുണ്ട് എന്നും പരാതിയിൽ പറയുന്നു. ഷിംജിത്തിന് എയർപിസ്റ്റൾ എവിടെനിന്നാണ് ലഭിച്ചതെന്ന് അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.