ലഖ്നോ: മൂത്രമല്ലെന്ന് തെളിയിക്കാൻ ഉത്തർപ്രദേശിൽ ദലിത് വയോധികനെ നിർബന്ധപൂർവം വെള്ളം കുടിപ്പിച്ചതായി പരാതി. സംഭവത്തിൽ 62കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
60വയസുള്ള ദലിത് വയോധികനെയാണ് മൂത്രമല്ലെന്ന് തെളിയിക്കണം എന്ന് പറഞ്ഞ് നിർബന്ധപൂർവം വെള്ളം കുടിപ്പിച്ചത്. ഇദ്ദേഹത്തിനെതിരെ ജാതീയ അധിക്ഷേപവും നടത്തിയതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
കാകോരി ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രപരിസരത്ത് ഇരിക്കുകയായിരുന്ന സ്വാമി കാന്തിന്റെ ദേഹത്തേക്ക് ഒരു വാട്ടർബോട്ടിലിലെ വെള്ളം അബദ്ധത്തിൽ തെറിച്ചു. തുടർന്ന് സമീപത്തുണ്ടായിരുന്ന രാംപാൽ തന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചതാണെന്ന് കരുതി സ്വാമി കാന്ത് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോപണം രാം പാൽ നിഷേധിച്ചു. എന്നാൽ തന്റെ ദേഹത്ത് തെറിച്ചുവീണ വെള്ളത്തുള്ളികൾ രുചിച്ചുനോക്കി അത് മൂത്രമല്ലെന്ന് ഉറപ്പുവരുത്താൻ സ്വാമി കാന്ത് രാംപാലിനെ നിർബന്ധിച്ചു.അങ്ങനെ ചെയ്തതിന് ശേഷം രാംപാൽ വീട്ടിലേക്ക് തിരിച്ചുപോയി. പിറ്റേദിവസം ബന്ധുക്കൾക്കൊപ്പമെത്തി രാംപാൽ കാന്തിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കാകോരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അതിനു ശേഷം കാന്തിനെ അറസ്റ്റ് ചെയ്തു. സ്വാമി കാന്ത് പിന്നാക്ക വിഭാഗക്കാരനാണ്.
എല്ലാ ദിവസവും വൈകീട്ട് രാംപാൽ ക്ഷേത്രത്തിന്റെ വരാന്തയിൽ വന്നിരിക്കാറുണ്ട്. ചോദ്യം ചെയ്യുന്നതിനിടെ താൻ വെള്ളം തൊട്ടുനോക്കാനാണ് രാംപാലിനോട് പറഞ്ഞത് എന്നാണ് കാന്ത് അവകാശപ്പെട്ടത്.
സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും സമാജ് വാദി പാർട്ടിയും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയുടെയുടെയും ആർ.എസ്.എസിന്റെയും ദലിത് വിരുദ്ധ മനോഭാവമാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മനുഷ്യത്വത്തിന് മേൽ ഏറ്റ കളങ്കമാണിത്. ഭരണഘടന ഇല്ലാതാക്കി രാജ്യത്ത് മനുസ്മൃതി നടപ്പാക്കാൻ അവർ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ മാത്രമേ അവർക്ക് ജാതിയുടെ പേരിൽ മനുഷ്യരെ ചൂഷണം ചെയ്യാൻ കഴിയുകയുള്ളൂവെന്നും കോൺഗ്രസ് ആരോപിച്ചു.
ഒരാൾ തെറ്റ് ചെയ്തു എന്നതുകൊണ്ട് മാത്രം അവർ അപമാനിക്കപ്പെടേണ്ടവരോ മനുഷ്യത്വ രഹിതമായ ശിക്ഷയോ അർഹിക്കുന്നില്ല. മാറ്റത്തിന് മാത്രമേ മാറ്റം കൊണ്ടുവരാൻ സാധിക്കു. എന്നാണ് സമാജ് വാദി പാർട്ടിനേതാവ് അഖിലേഷ് യാദവ് എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.