മുക്കത്തുനിന്ന് എം.ഡി.എം.എ പിടികൂടിയ കേസ്: ഫാഷൻ ഡിസൈനറായ യുവതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് മുക്കത്തുനിന്ന് 2.3 കിലോ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിയും ഫാഷൻ ഡിസൈനറുമായ ഖദീജയെയാണ് (40) താമരശ്ശേരി ഡിവൈ.എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്തുനിന്ന് കഴിഞ്ഞദിവസം പിടികൂടിയത്.

ഏപ്രിൽ രണ്ടിന് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ (36) 517 ഗ്രാം എം.ഡി.എം.എയുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന്, ഇയാൾ താമസിച്ചിരുന്ന മുത്താലത്തെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നേമുക്കാൽ കിലോയോളം എം.ഡി.എം.എ കൂടി പിടിച്ചെടുത്തിരുന്നു. ആകെ 2.306 കിലോ എം.ഡി.എം.എ ആണ് കേസിൽ പിടിച്ചെടുത്തത്. ഇതോടെ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എം.ഡി.എം.എ പിടിച്ചെടുത്ത കേസുകളിൽ ഒന്നായി ഇത് മാറി.

സംഭവത്തിൽ ബേപ്പൂർ സ്വദേശി റൈഹാനത്ത് (45) അറസ്റ്റിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധപ്പെട്ട് ഖദീജയുടെ പങ്ക് വ്യക്തമായത്. മുഹമ്മദ് ഹനീഫയുടെ അടുത്ത സുഹൃത്തായ ഖദീജയുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പിടിയിലായ ഹനീഫ, മേയ് 23ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു.

ഹനീഫ ഒളിവിലായിരുന്ന സമയത്ത് ഖദീജ സാമ്പത്തിക സഹായം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹനീഫയെ 10 ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ കർണാടകയിലെ കലബുറഗിയിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ ദിവസങ്ങളിൽ ഖദീജ പലതവണയായി ഒന്നര ലക്ഷം രൂപയിലേറെ ഹനീഫക്ക് നൽകിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫിന്റെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ പിടിയിലായ മൂന്നു പേരിൽനിന്നു ലഭിക്കുന്ന വിവരം കൂടി ഉൾപ്പെടുത്തി അന്വേഷണം വിപുലമാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

Tags:    
News Summary - MDMA seizure case from Mukkam: Another young woman arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.