പ്രതീകാത്മക ചിത്രം
റായ്പൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി വ്യാജരേഖകൾ കാണിച്ച് പ്രസവിപ്പിച്ച ശേഷം നവജാതശിശുവിനെ വിറ്റ പിതാവും കൂട്ടാളികളും അറസ്റ്റിൽ. ഛത്തീസ്ഗഢിലാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ, പിതൃസഹോദരി, നഴ്‌സുമാർ ഉൾപ്പെടെയുള്ള എട്ടുപേരാണ് റായ്പൂർ ന്യൂ രാജേന്ദ്ര നഗർ പൊലീസിന്റെ പിടിയിലായത്.
16കാരിയായ പെൺകുട്ടി 2023 മുതൽ അച്ഛന്റെ നിരന്തര ലൈംഗിക പീഡനത്തിന് ഇരയായി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ആദ്യതവണ ഗർഭിണിയായപ്പോൾ അച്ഛനും പിതൃസഹോദരിയും ചേർന്ന് നിർബന്ധിച്ച് ഗർഭച്ഛിദ്ര ഗുളികകൾ നൽകി അലസിപ്പിച്ചു. 2025ൽ വീണ്ടും ഗർഭിണിയായതോടെ പെൺകുട്ടിയെ അച്ഛൻ വർഷ മണ്ഡൽ എന്ന നഴ്‌സിന്റെ അടുത്തേക്ക് മാറ്റുകയും തുടർന്ന് നഴ്‌സായ ഗീതാ റായിയുടെ വീട്ടിൽ ഒമ്പത് മാസത്തോളം അടച്ചിട്ട മുറിയിൽ പാർപ്പിക്കുകയുമായിരുന്നു. പെൺകുട്ടി മുതിർന്നയാളാണെന്നും വിവാഹിതയാണെന്നും വരുത്തിത്തീർക്കാൻ വ്യാജ ആധാർ കാർഡും രേഖകളും കാണിച്ച് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയിലൂടെ പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയ ഉടൻ തന്നെ, ഡോക്ടറുടെയും അച്ഛന്റെയും ഒത്താശയോടെ നവജാതശിശുവിനെ മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു.
പ്രസവത്തിന് ശേഷം വീണ്ടും പ്രതികളുടെ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടി, സമൂഹ മാധ്യമം വഴി രഹസ്യമായി അമ്മയെ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കുകയായിരുന്നു. തുടർന്ന് അമ്മയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. ബലാത്സംഗം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.