കുത്തേറ്റ് പരിക്കേറ്റവർ ആശുപത്രിയിൽ
കൊല്ലങ്കോട്: ഇൻസ്റ്റാഗ്രാമിലെ കമന്റിനെച്ചൊല്ലിയുള്ള സംഘർഷം പിടിച്ചുമാറ്റാനെത്തിയ രക്ഷിതാക്കൾക്ക് വിദ്യാലയത്തിന് മുന്നിൽ കുത്തേറ്റു. മുതലമട പള്ളം സ്വദേശി ഷാഹുൽ ഹമീദ് (45), കാമ്പ്രത്ത്ചള്ള ഷാജഹാൻ (42) സക്കീർ ഹുസൈൻ (39) എന്നിവർക്കാണ് പരിക്കേറ്റത്. മുതലമട സ്കൂളിൽ പഠിക്കുന്ന പ്ലസ് ടു വിദ്യാർഥിയും പൂർവ വിദ്യാർഥികളായ മൂന്ന് യുവാക്കളും തമ്മിലാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലെ കമന്റിനെച്ചൊല്ലി തർക്കമുണ്ടായത്.
വിഷയം വിദ്യാർഥി അറിയിച്ചതിനെത്തുടർന്ന് പിതാവ് ഷാഹുൽ ഹമീദ്, അമ്മാവൻ ഷാജഹാൻ, ബന്ധു സക്കീർ ഉൾപ്പെടെ സ്ഥലത്തെത്തി സംഘർഷം പിരിച്ചുവിടാൻ ശ്രമിക്കുമ്പോഴാണ് അക്രമാസക്തരായ യുവാക്കൾ ആയുധം ഉപയോഗിച്ച് മൂവരെയും ആക്രമിച്ചത്. ഷാജഹാന്റെ വലതുകൈക്ക് സാരമായി കുത്തേറ്റു. ഇദ്ദേഹത്തെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികളിൽ ഒരാൾ പൊലീസ് വലയിലായതായി സൂചനയുണ്ട്.
പ്ലസ് ടു വിദ്യാർഥികളും പൂർവ വിദ്യാർഥികളും തമ്മിൽ ഒരു മാസം മുമ്പ് ചുള്ളിയാർ മേട് ജംഗ്ഷനിൽ സ്കൂൾ വിട്ട സമയത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കാര്യങ്ങൾ പറഞ്ഞു വഴക്ക് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അതിനുശേഷം ഗ്രൂപ്പിലൂടെ പരസ്പരം തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.